ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ മെസ്സിയും എംബാപ്പെയും, തുല്യഗോളായാൽ ആർക്ക് ലഭിക്കും?
ബുധന്‍, 14 ഡിസംബര്‍ 2022 (19:32 IST)
ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരായ സെമിഫൈനൽ മത്സരത്തിലും ഗോൾ നേടാനായതോടെ ഗോൾഡൻ ബോട്ടിനായുള്ള പോരാട്ടം ശക്തമായിരിക്കുകയാണ്. അഞ്ച് ഗോളുകളോടെ ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയുമാണ് പട്ടികയിൽ മുന്നിലുള്ളത്. ഇന്നത്തെ മത്സരം വിജയിക്കാനായാൽ എംബാപ്പെയ്ക്ക് ഇന്നത്തെ മത്സരമടക്കം 2 മത്സരങ്ങളിൽ കളിക്കാനാകും.
അഞ്ച് ഗോളുകളും 2 അസിസ്റ്റുകളുമാണ് എംബാപ്പെയുടെ പേരിലുള്ളത്. മെസ്സിയുടെ പേരിൽ ഇതുവരെ കുറിക്കപ്പെട്ടത് അഞ്ച് ഗോളുകളും 3 അസിസ്റ്റുകളും. നാല് ഗോളുമായി ഫ്രാൻസിൻ്റെ ഒളിവർ ജിറൂഡ്, അർജൻ്റീനയുടെ ഹൂലിയൻ ആൽവാരസ് എന്നിവർ പട്ടികയിൽ രണ്ടാമതാണ്.
ഗോൾ നേട്ടത്തിൽ മെസ്സിയും എംബാപ്പെയും തുല്യതപ്പെടുകയാണെങ്കിൽ അസിസ്റ്റുകളുടെ എണ്ണം നോക്കിയാകും ഗോൾഡൻ ബൂട്ട് ആർക്കെന്ന് തീരുമാനിക്കുക. ഇനി അവിടെയും തുല്യത പാലിച്ചാൽ കളിക്കളത്ത് താരതമ്യേന കുറവ് സമയം ചിലവഴിച്ചയാൾക്കാകും ബൂട്ട് ലഭിക്കുക.
എല്ലാ മത്സരങ്ങളിലും മുഴുവൻ സമയവും മെസ്സി ഗ്രൗണ്ടിൽ ചെലവിട്ടപ്പോൾ ടുണീഷ്യക്കെതിരെ തോറ്റ മത്സരത്തിൽ 27 മിനിട്ട് മാത്രമാണ് എംബാപ്പെ കളിച്ചത്. 2018ൽ 6 ഗോൾ നേടിയ ഇംഗ്ലീഷ് നായകൻ ഹാരി കെയ്നായിരുന്നു ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്.