പ്രവചനങ്ങൾ കാറ്റിൽ പറത്തിയ ലോകകപ്പ്, ഒന്നിന് പുറകെ ഒന്നായി വമ്പന്മാരെല്ലാം പുറത്തേക്ക്, ചരിത്രം രചിച്ച് മൊറോക്കൊ
അട്ടിമറികളുടെ ലോകകപ്പായി മാറി ഖത്തർ ലോകകപ്പ്. ലയണൽ മെസ്സിയുടെ അർജൻ്റീനയെ തോൽപ്പിച്ച് കൊണ്ട് സൗദി അറേബ്യ തുടങ്ങിവെച്ച അട്ടിമറികൾ പോർച്ചുഗലിൻ്റെ ലോകകപ്പിൽ നിന്നുള്ള പുറത്തുപോകൽ വരെ എത്തിനിൽക്കുന്നു. പോർച്ചുഗലിനെ തോൽപ്പിച്ചതോടെ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കൻ രാജ്യമെന്ന നേട്ടവും മൊറോക്കൊ സ്വന്തമാക്കി.
ലോകകപ്പിൽ കരുത്തരായ ബെല്‍ജിയവും ക്രൊയോഷ്യയും കാനഡയുമടങ്ങിയ ഗ്രൂപ്പിൽ നിന്നാണ് മൊറോക്കൊയുടെ കുതിപ്പ്. ക്രൊയേഷ്യയെ ഗോൾ രഹിതസമനിലയിൽ തളച്ച മൊറോക്കൊ ബെൽജിയത്തെ എതിരില്ലാത്ത 2 ഗോളിന് കീഴടക്കി. കാനഡയ്ക്കെതിരെ 2-1ൻ്റെ വിജയം. പ്രീക്വാർട്ടറിൽ കരുത്തരായ സ്പെയിനിനെ പെനാൽട്ടി ഷൂടൗട്ടിൽ തകർത്തായിരുന്നു ക്വാർട്ടർ ഫൈനൽ പ്രവേശനം.
ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്,പെപെ,ബെർണാഡോ സിൽവ എന്നിവരടങ്ങിയ കരുത്തരായ പറങ്കിപടയെ തകർത്താണ് മൊറോക്കൊയുടെ സെമി പ്രവേശനം. 1990ൽ കാമറൂൺ ആദ്യമായി ക്വാർട്ടറിൽ പ്രവേശിച്ചതായിരുന്നു ലോകകപ്പിൽ ഒരു ആഫ്രിക്കൻ രാജ്യത്തിൻ്റെ ഏറ്റവും മികച്ചനേട്ടം.റോജർ മില്ലറുടെ കരുത്തിൽ കുതിച്ച കാമറൂൺ അവസാന എട്ടിൽ ഇംഗ്ലണ്ടിനോട് പൊരുതി തോറ്റു. പിന്നീട് 2002ൽ സെനഗൽ ക്വാർട്ടറ്ലെത്തി. പിന്നീട് 2018ലും 2022ലും സെനഗൽ ക്വാർട്ടറിലെത്തി.