പ്രകടനം മോശമെന്ന് പറഞ്ഞ് മാഞ്ചസ്റ്ററിൽ സ്ഥിരമായി പകരക്കാരൻ്റെ ബെഞ്ചിലിരുത്തി, ഡി മരിയയ്ക്ക് വാൻ ഗാലിനോട് തീർക്കാൻ കണക്കുകൾ ഏറെ

വെള്ളി, 9 ഡിസം‌ബര്‍ 2022 (14:29 IST)
അർജൻ്റീന - നെതർലൻഡ്സ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് അരങ്ങൊരുങ്ങുമ്പോൾ ഒരു മെസ്സി നെതർലൻഡ്സ് പോരാട്ടത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ ഇന്നത്തെ മത്സരം എയ്ഞ്ചൽ ഡിമരിയയും നെതർലൻഡ്സ് കോച്ച് ലൂയിസ് വാൻ ഗോളും തമ്മിലുള്ള പോരായാണ് ഫുട്ബോൾ ലോകം കാണുന്നത്. 2014ലെ ലോകകപ്പിന് ശേഷം റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് മാഞ്ചസ്റ്റർ ടീമിലെത്തിയെങ്കിലും ഒറ്റ സീസൺ കൊണ്ട് എയ്ഞ്ചൽ ഡി മരിയ ക്ലബ് വിട്ടിരുന്നു. ഇതിന് കാരണക്കാരനായതാകട്ടെ അന്നത്തെ ക്ലബ് പരിശീലകനായ ലൂയിസ് വാൻ ഗാലും.
 
2014ലെ ലോകകപ്പിലെ മികച്ച പ്രകടനവുമായി മാഞ്ചസ്റ്ററിലെത്തിയ എയ്ഞ്ചൽ ഡി മരിയയുടെ ക്ലബിലെ തുടക്കം മികച്ചതായിരുന്നു. മാഞ്ചസ്റ്ററിൻ്റെ ആ മാസത്തെ താരമായെത്തിയ മരിയ പക്ഷേ വൈകാതെ പകരക്കാരുടെ ബെഞ്ചിൽ സ്ഥിരക്കാരനായി. ആഞ്ച് വർഷത്തെ കരാറിൽ ടീമിലെത്തിയ മരിയ മാഞ്ചസ്റ്ററിൽ കളിച്ചത് ആകെ 27 കളികൾ മാത്രം. ഒറ്റ സീസൺ കൊണ്ട് താരം പിഎസ്ജിയിലേക്ക് കൂടേറിയപ്പോൾ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം ട്രാൻസ്ഫറായാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
 
തൻ്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം ലൂയിസ് വാൻ ഗാൽ ആണെന്നും തന്നെ പരിശീലിപ്പിച്ചതിൽ ഏറ്റവും മോശം കോച്ച് വാൻ ഗാൽ ആണെന്നും മരിയ പിന്നീട് തുറന്നടിച്ചു. ഗോളുകളും അസിസ്റ്റുകളും നേടുമ്പോളും തൻ്റെ മിസ് പാസുകളെ പറ്റിയാണ് വാൻ ഗാൽ പറഞ്ഞിരുന്നത്. നിരന്തരം പൊസിഷൻ മാറ്റി കളിപ്പിച്ചത് മോശം പ്രകടനത്തിന് കാരണമായി.മരിയ പറഞ്ഞു.
 
എന്നാൽ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ശൈലിയും ഇവിടത്തെ കാലാവസ്ഥയും ഉള്‍കൊള്ളാനാവാത്തതാണ് ഡി മരിയയുടെ മോശം പ്രകടനത്തിന് കാരണമെന്നായിരുന്നു വാന്‍ ഗാലിൻ്റെ മറുപടി. വൻ തുക കൊടുത്ത് വാങ്ങിയ താരം നന്നായി കളിക്കണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റെന്തെന്നും വാൻ ഗാൽ മറുപടി നൽകി. 8 വർഷങ്ങൾക്ക് ശേഷം വാൻ ഗാലും മരിയയും നേർക്ക് നേർ വരുമ്പോൾ ആര് ആർക്ക് മറുപടി നൽകുമെന്നുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ആരാധകർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍