ഫുട്‌ബോള്‍ ലോകത്ത് എല്ലാം മെസിയായിരുന്നു, സ്‌പാനിഷ് ലീഗും ലാറ്റിനമേരിക്കയും കടന്ന് ലോകത്തിന്റെ നെറുകയില്‍ വിരാചിച്ച മെസി ദേശീയ ടീമിനോട് ഗുഡ് ബൈ പറഞ്ഞത് ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ചു. കോപ്പ അമേരിക്കയില്‍ ചിലിയോട് തോറ്റുവെങ്കില്ലും തങ്ങളുടെ പ്രീയതാരം നീലക്കുപ്പായത്തില്‍ ഇനിയുമുണ്ടാകുമെന്നാണ് അവര്‍ വിചാരിച്ചത്. എന്നാല്‍, വളരെ വേഗത്തിലും അപ്രതീക്ഷിതവുമായ തീരുമാനത്തിലൂടെ ഫുട്‌ബോളിന്റെ മിശിഹ ആരാധകരെ കണ്ണീരിലാഴ്‌ത്തി.
ബാഴ്‌സലോണയ്‌ക്കായി കപ്പുകള്‍ നേടുമ്പോള്‍ സ്വന്തം രാജ്യത്തിനായി ഒരു കപ്പും നേടി കൊടുക്കാത്ത മെസിക്ക് നേരെ ആരോപണ ശരങ്ങള്‍ രൂക്ഷമായിരുന്നു. ഇത്തവണത്തെ കോപ്പയിലും പരാജയം നുണഞ്ഞതോടെ പതിവില്ലാത്ത നിരാശയിലായിരുന്നു അദ്ദേഹം, അതാണ് ഇത്രയും വേഗമൊരു തീരുമാനമെടുക്കാന്‍ കാരണമായത്.
അര്‍ജന്റീന ടീം എന്നാല്‍ എല്ലാം മെസിയായിരുന്നു. കഴിഞ്ഞ ലോകകപ്പിലും കോപ്പ അമേരിക്കയിലും അത് വ്യക്തമായിരുന്നു. മെസി പരാജയപ്പെട്ടാല്‍ ടീം തകരുന്നത് എന്നും കണ്ടു. ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയോട് തോറ്റ് കപ്പ് നഷ്‌ടപ്പെടുത്തിയപ്പോഴും കഴിഞ്ഞ കോപ്പയില്‍ ചിലിയോട് തന്നെ പരാജയപ്പെട്ടപ്പോഴും മെസിയെ വിമര്‍ശകര്‍ കൊല്ലാതെ കൊന്നു. ഇത്തവണ അത്തരത്തിലുള്ള വിമര്‍ശന ശരങ്ങള്‍ തനിക്കു നേരെ വരുമെന്ന് വ്യക്തായി അറിയാവുന്ന മെസി അവരുടെ വിമര്‍ശനങ്ങള്‍ക്ക് കാത്തിരിക്കാതെ പടിയിറങ്ങുകയായിരുന്നു.
29മത് വയസില്‍ ദേശീയ ടീമില്‍ നിന്ന് യാത്ര പറയുന്ന മെസി ക്രിക്കറ്റ് ഇതിഹാസം സച്ചിനെ മാത്രകയാക്കണമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന്റെ സ്ഥാനം എങ്ങനെയാണോ അതുപോലെയാണ് അര്‍ജന്റീനയില്‍ മെസിയുടെ സ്ഥാനവും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം കൈകാര്യം ചെയ്‌ത സമയത്ത് സച്ചിന്‍ സമ്മര്‍ദ്ദങ്ങളില്‍ അകപ്പെടുന്നത് പതിവ് കാഴ്‌ചയായിരുന്നു. ബാറ്റിംഗ് നിരന്തരമായി പരാജയപ്പെട്ടു തുടങ്ങിയതോടെ സച്ചിന്‍ നായകസ്ഥാനം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം സച്ചിന്റെ പ്രകടനത്തെ ഉന്നതങ്ങളില്‍ എത്തിച്ചു. ഇതുപോലെയുള്ള തീരുമാനമായിരുന്നു മെസിയും എടുക്കേണ്ടിയിരുന്നത്.
നായകന്‍ ആകുക എന്നത് സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാനുള്ള അവസരം കൂടിയാണ്. ലോകം മുഴുവന്‍ ആരാധകരുള്ള അര്‍ജന്റീനയുടെ നായകന്‍ ആകുക എന്നത് അതിലും വിഷമം പിടിച്ച കാര്യമാണ്. രാജ്യത്തിന്റെയും ടീമിന്റെയും മുഴുവന്‍ ഭാരവും ക്യാപ്റ്റന്റെ തലയിലാണ്. അതു മാറിയിരുന്നെങ്കില്‍ ഇന്നു മെസി ഇന്നത്തേതിനേക്കാള്‍ നല്ല കളി കാഴ്ചവച്ചേനെ. അര്‍ജന്റീനയുടെ ശക്തി മെസിയായിരുന്നു എന്നതില്‍ ആര്‍ക്കും സംശമില്ല. അദ്ദേഹം നീലക്കുപ്പായം അഴിക്കുന്നതോടെ ആ ടീമിന്റെ ദുരന്തമാണ് തുടക്കമാകുന്നത്. ഒരു കാലത്ത് ലോക ഫുട്‌ബോളിനെ നയിച്ച ബ്രസീല്‍ ഇന്ന് നേരിടുന്ന അവസ്ഥയിലേക്കാവും അര്‍ജന്റീനയും പോകുക.
അര്‍ജന്റീന ടീമില്‍ പതിനൊന്ന് കളിക്കാരുണ്ടെങ്കിലും കളി നയിക്കുന്നത് മെസി എന്ന ഊര്‍ജമാണ്. മെസിയെ മാത്രം ആശ്രയിക്കുന്ന നീലപ്പടയ്‌ക്ക് തോല്‍വിയില്‍ പങ്കുണ്ട്. ഗോള്‍ അവസരങ്ങള്‍ പാഴാക്കിയും മികച്ച ഫിനീഷിംഗ് ഇല്ലാത്തതും തിരിച്ചടിയായിരുന്നു. മെസിക്ക് പിഴച്ചാല്‍ ടീം തകരുന്നത് പതിവാകുന്നത് ടീമിന്റെ കരുത്തില്ലായ്‌മയാണ് കാണിക്കുന്നത്. എന്നാല്‍ എല്ലാത്തിനും പഴി കേള്‍ക്കേണ്ടിവരുന്നത് മെസിക്കും.