യൂറോകപ്പ് കിരീടം നേടുക എന്നത് ലോകകപ്പ് കിരീടം നേടുന്നതിനേക്കാള്‍ കടുപ്പമാണെന്ന് ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി. യൂറോപ്പില്‍ നേരിടുന്നത്രയും കടുത്ത മത്സരം ലാറ്റിനമേരിക്കന്‍ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിനില്ലെന്ന് സമ്മതിച്ച മെസ്സി പക്ഷേ ലോകകപ്പ് കിരീടം ഏറ്റവും കൂടുതല്‍ തവണ നേടിയത് ലാറ്റിനമേരിക്കന്‍ ടീമുകളാണെന്നത് മറക്കരുതെന്ന് ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലാറ്റിനമേരിക്കന്‍ ടീമുകള്‍ തമ്മിലുള്ളത് പോലെ കടുത്ത മത്സരങ്ങള്‍ ലാറ്റിനമേരിക്കന്‍ ലീഗിലില്ല എന്നത് ശരിയായിരിക്കും. ഓരോ താരങ്ങളും അവര്‍ കളിക്കുന്ന ലീഗിനെയാണ് ഏറ്റവും വലുതായി കാണുന്നത്. യൂറോ ഒരു പ്രധാനപ്പെട്ട ടൂര്‍ണമെന്റ് തന്നെയാണ്. പക്ഷേ ലോകകപ്പില്‍ കളിക്കുന്നത് ലോകത്തെ ഏറ്റവും മികച്ച ടീമുകളാണ്. എല്ലാവരും ലോകകപ്പ് ആഗ്രഹിച്ചാണ് കളിക്കുന്നത്. 3 തവണ ലോകകിരീടം നേടിയ അര്‍ജന്റീനയെയും 5 തവണ കപ്പടിച്ച ബ്രസീലിനെയും 2 തവണ നേടിയ ഉറുഗ്വെയേയും മാറ്റി നിര്‍ത്തി ലോകകപ്പിനെ പറ്റി ആലോചിക്കുന്നത് പോലും ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. മെസ്സി പറഞ്ഞു.
ഇതാദ്യമായല്ല എംബാപ്പെ ലാറ്റിനമേരിക്ക ഫുട്‌ബോളിനെ ചെറുതാക്കി കൊണ്ട് സംസാരിക്കുന്നത്. 2022ല്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ യൂറോപ്പിലേത് പോലെ പുരോഗമിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് മിക്കവാറും ലോകചാമ്പ്യന്മാര്‍ യൂറോപ്പില്‍ നിന്നും ആകുന്നതെന്നും എംബാപ്പെ പറഞ്ഞിരുന്നു. എന്നാല്‍ ലോകകപ്പ് ഫൈനലില്‍ എംബാപ്പെയുടെ ഫ്രാന്‍സിനെ തോല്‍പ്പിച്ച് ഇതിന് മറുപടി നല്‍കാന്‍ മെസ്സിയുടെ അര്‍ജന്റീനയ്ക്ക് സാധിച്ചിരുന്നു. കിരീടവിജയത്തിന് ശേഷം എംബാപ്പെയുടെ പ്രസ്താവനയ്ക്ക് മറുപടിയായി അര്‍ജന്റീന ടീം നടത്തിയ പല പ്രകടനങ്ങളും പിന്നീട് വിവാദമായിരുന്നു.