ഒടുവിൽ ഫുട്ബോൾ ലോകം കാത്തിരുന്ന പ്രഖ്യാപനമെത്തി, കിലിയൻ എംബാപ്പെ റയലിലെത്തുന്നത് അഞ്ച് വർഷക്കരാറിൽ

അഭിറാം മനോഹർ

തിങ്കള്‍, 3 ജൂണ്‍ 2024 (16:43 IST)
അടുത്ത സീസണില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനൊപ്പം ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുണ്ടാകുമെന്ന് ഉറപ്പായി. പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഫ്രഞ്ച് താരം റയല്‍ മാഡ്രിഡുമായി കരാറിലൊപ്പിട്ടതായ വാര്‍ത്ത പുറത്ത് വിട്ടത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകുമെന്നാണ് റൊമാനോ പറയുന്നത്. അധികം വൈകാതെ തന്നെ എംബാപ്പയെ റയല്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
 
യൂറോകപ്പിന് മുന്‍പ് തന്നെ താരത്തെ ടീമിലെത്തിക്കാന്‍ റയല്‍ ശ്രമം നടത്തിയിരുന്നു. ജൂണ്‍ 14നാണ് യൂറോ കപ്പ് ആരംഭിക്കുന്നത്. ഫ്രഞ്ച് ക്ലബായ പിഎസ്ജിയുമായി ഈ വര്‍ഷമാണ് എംബാപ്പെയുടെ കരാര്‍ അവസാനിച്ചത്. 2029 വരെയുള്ള കരാറിലാണ് റയലുമായി എംബാപ്പെ ഒപ്പുവെച്ചത്. ലൂക്ക മോഡ്രിച്ചിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനും റയല്‍ തീരുമാനിച്ചു. 2012 മുതല്‍ ലൂക്കാ മോഡ്രിച്ച് റയലിനൊപ്പമുണ്ട്. 38 കാരനായ താരവുമായുള്ള ക്ലബിന്റെ കരാര്‍ ഈ വര്‍ഷം അവസാനിച്ചിരുന്നു. റയലിനൊപ്പം 26 കിരീടങ്ങള്‍ മോഡ്രിച്ച് നേടിയിട്ടുണ്ട്. അല്‍ നസറില്‍ നിന്നും വലിയ ഓഫര്‍ മോഡ്രിച്ചിന് ലഭിച്ചിരുന്നെങ്കിലും റയല്‍ മാഡ്രിഡില്‍ തന്നെ വിരമിക്കാനുള്ള തീരുമാനമാണ് മോഡ്രിച്ചെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍