ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ ആദ്യ ഹോം മാച്ചിനായി കേരള ബ്ളാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. ബ്രസീലിയൻ ഫുട്ബോള്‍ ഇതിഹാസം സീക്കോ പരിശീലിപ്പിക്കുന്ന എഫ്സി ഗോവയാണ് കൊച്ചി കലൂരിലെ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തില്‍ ബ്ളാസ്റ്റേഴ്സുമായി അങ്കത്തിനിറങ്ങുന്നത്. അഞ്ച് മത്സരങ്ങളിൽ മൂന്ന് തോൽവി, ഓരോന്ന് വീതം ജയവും സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. കരുത്തരായ കൊൽക്കത്തയെ സമനിലയിൽ തളച്ചിട്ടും പൂനെയെ തോൽപ്പിച്ചിട്ടും നാല് പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് എഫ്സി ഗോവ.
ആരാധകർക്ക് മുമ്പിൽ ബ്ലാസ്റ്റേഴ്സിന് ജയിച്ചേ തീരു. മറുവശത്ത് ഗോവയ്ക്ക് ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാന്‍ പോലുമാകില്ല. മുന്നേറ്റ നിരയിലെ കനേഡിയൻ കുന്തമുന ഇയാൻ ഹ്യൂമിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ. അതേ സമയം സ്റ്റാർ സ്ട്രൈക്കർ മൈക്കൽ ചോപ്ര കാലിനേറ്റ പരിക്കിനെ തുടർന്ന് ഇന്നും കളത്തിന് പുറത്തിരിക്കും.
ബോൾ പൊസിഷൻ നിലനിറുത്തിയുള്ള കളി ശൈലിയാണ് ഇരുവരും സ്വീകരിക്കുന്നതെന്നതിനാൽ മത്സരം ആരാധകർക്ക് സോക്കർ പൂരം തന്നെയായിരിക്കും സമ്മാനിക്കുക. അതേസമയം കേരള ബ്‌ലാസ്‌റ്റേഴ്‌സ് ടീം ഉടമ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കളികാണാന്‍ എത്തുമെന്നതാണ് മറ്റൊരു പ്രത്ര്യേകത. ഇവിടെ വെച്ചാവും തന്റെ ആത്മകഥ കേരളത്തില്‍ പ്രകാശനം നടത്തുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.