Lionel Messi: ഇനിയൊരു തിരിച്ചുപോക്കില്ല, കരിയറിന്റെ അവസാനം ഇന്റര്‍ മയാമിയില്‍ തന്നെയെന്ന് മെസ്സി

അഭിറാം മനോഹർ
വ്യാഴം, 13 ജൂണ്‍ 2024 (13:52 IST)
Lionel messi, Inter miami
ഇന്റര്‍ മയാമി തന്റെ അവസാന ക്ലബ് ആയിരിക്കുമെന്ന് വ്യക്തമാക്കി സൂപ്പര്‍ താരം ലയണല്‍ മെസ്സി. ബാഴ്‌സലോണയുടെ സൂപ്പര്‍ താരമായിരുന്ന അര്‍ജന്റൈന്‍ താരം വിരമിക്കല്‍ മത്സരം ബാഴ്‌സലോണ ജേഴ്‌സിയില്‍ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരുടെ നെഞ്ച് കലക്കുന്നതാണ് മെസ്സിയുടെ ഈ പ്രസ്താവന. ഇന്റര്‍ മയാമിയുമായി 2025 അവസാനം വരെയാണ് നിലവില്‍ മെസ്സിക്ക് കരാറുള്ളത്. ഈ കരാര്‍ കഴിയുന്നതോടെ മെസ്സി ക്ലബ് ഫുട്‌ബോള്‍ വിടുമോ എന്നതാണ് ഇതോടെ ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. ഈ മാസം അവസാനം മെസ്സിക്ക് 37 വയസ്സ് തികയും.
 
ഞാന്‍ ഫുട്‌ബോള്‍ വിടാന്‍ തയ്യാറല്ല. ഫുട്‌ബോളിന് ശേഷം എന്തായിരിക്കും ജീവിതം എന്നോര്‍ത്ത് ഭയമുണ്ട്. ഇഎസ്പിഎന്‍ അര്‍ജന്റീനയോട് മെസ്സി പറഞ്ഞു. ഞാന്‍ എന്റെ ജീവിതകാലം അത്രയും ചെയ്തത് ഇതാണ്. പരിശീലനങ്ങളും ഗെയിമുകളും ഞാന്‍ ആസ്വദിക്കുന്നുണ്ട്. എല്ലാം അവസാനിക്കുമോ എന്ന ഭയം എപ്പോഴുമുണ്ട്. ഇന്റര്‍ മയാമി എന്റെ അവസാന ക്ലബായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. മെസ്സി പറഞ്ഞു.
 
 അടുത്തയാഴ്ച നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിനായി നിലവില്‍ അര്‍ജന്റീന ദേശീയ ടീമിനൊപ്പമാണ് മെസ്സി. 2021ല്‍ ആയിരുന്നു മെസ്സി സീനിയര്‍ ടീമില്‍ തന്റെ ആദ്യ മേജര്‍ കിരീടമായ കോപ്പ അമേരിക്ക സ്വന്തമാക്കുന്നത്. ഇതിന് പിന്നാലെ 2022ല്‍ ഫൈനലീസിമ കിരീടവും ഫിഫ ലോകകപ്പും അര്‍ജന്റീനയ്ക്കായി സ്വന്തമാക്കാന്‍ മെസ്സിക്ക് സാധിച്ചു. മേജര്‍ കിരീടങ്ങള്‍ രാജ്യത്തിന് നേടികൊടുക്കാനായതോടെ വലിയ സമ്മര്‍ദ്ദങ്ങള്‍ ഒഴിവായെന്നും കൂടുതല്‍ സ്വതന്ത്രമായാണ് നിലവില്‍ ഫുട്‌ബോള്‍ ആസ്വദിക്കുന്നതെന്നും അടുത്തിടെ മെസ്സി വ്യക്തമാക്കിയിരുന്നു. യുവതാരങ്ങള്‍ അടങ്ങിയ ബ്രസീല്‍ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും കോപ്പ കിരീടം നിലനിര്‍ത്തുക എന്നത് ലക്ഷ്യമിട്ടാണ് ഇത്തവണ അര്‍ജന്റീന ഇറങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article