ഇത് ചരിത്രം, ഡ്യുറാൻഡ് കപ്പിൽ മോഹൻ ബഗാനെ വീഴ്‌ത്തി ഗോകുലം കേരള എഫ്‌സി

ശനി, 24 ഓഗസ്റ്റ് 2019 (20:51 IST)
കൊൽക്കത്ത: ഡ്യുറാൻഡ് കപ്പിൽ ചരിത്ര വിജയവുമായി ഗോകുലം കേരള എഫ്സി. ശക്താരായ മോഹൻ ബഗാനെ സ്വന്തം തട്ടകത്തിൽ തന്നെ വീഴ്ത്തിയാണ് ഗോകുലം കേരള എഫ് സി വിജയം സ്വന്തമാക്കിയത്. 22 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽനിന്നുമുള്ള ഒരു ടീം ഡ്യുറാൻഡ് കപ്പ് നേടുന്നത്. 1997ൽ എഫ് സി കൊച്ചിനാണ് ഡ്യുറാൻഡ് കപ്പ് നേടിയത്. അന്നും തോൽവി ഏറ്റുവാങ്ങിയത് മോഹൻ ബഗാൻ തന്നെയായിരുന്നു.
 
ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ച ക്യാപ്റ്റൻ  മർക്ക്സ് ജോസഫ് നേടിയ ഇരട്ട ഗോളുകളാണ് ഗോകുലം കേരള എഫ്‌സിയെ വിജയത്തിലെത്തിച്ചത്. അദ്യ പകുതിയിലെ ഇഞ്ച്വറി ടൈമിൽ പെനാൽറ്റിയിൽനിന്നും  ആദ്യ ഗോൾ നേടി ജോസഫ് ഗോകുലം എഫ്സിയെ മുന്നിൽ എത്തിച്ചു. തൊട്ടു പിന്നാലെ 51ആം മിനിറ്റിൽ രണ്ടാം ഗോളും കണ്ടെത്തി ജോസഫ് ടീമിന്റെ ലീഡ് ഉയർത്തി. 
 
64ആം മിനിറ്റിൽ ഫ്രീകിക്ക് ഗോളാക്കി മാറ്റി മലയളി താരം വിപി സുഹൈലാണ് മോഹൻ ബഗാന്റെ അശ്വാസ ഗോൾ കണ്ടെത്തിയത്. കളിയിൽ രണ്ട് റെഡ് കാർഡുകൾ പുറത്തെടുക്കേണ്ടി വന്നു റഫറിക്ക്. ഗോകുലം എഫ്സി താരം ജെസ്റ്റിൻ ജോർജിന് രണ്ടാം മഞ്ഞ കാർഡ് ലഭിച്ചതോടെ പുറത്തായി. ഇതോടെ പത്ത് പേരുമായാണ് ഗോകുലം കളി പൂർത്തിയാക്കിയത്. പെനാൽറ്റി നിരസിച്ചതിന്റെ പേരിൽ റഫറിയോട് കയർത്ത ഫ്രാൻസെസ്കോ മൊറാന്റെയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍