പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഇറങ്ങിയത്. ആദ്യ ഇലവനില്‍ റൊണാള്‍ഡോയ്ക്ക് പകരം സ്ഥാനം പിടിച്ചത് ഗോണ്‍സാലോ റാമോസ് ആണ്. റാമോസ് പോര്‍ച്ചുഗലിന് വേണ്ടി ഹാട്രിക് ഗോള്‍ നേടുകയും ചെയ്തു. പിന്നീട് സബ്സ്റ്റിറ്റിയൂട്ട് ആയാണ് റൊണാല്‍ഡോ കളത്തിലിറങ്ങിയത്.
മത്സരശേഷം എല്ലാ താരങ്ങളും ഗ്രൗണ്ടില്‍ നിന്ന് വിജയം ആഘോഷിച്ചപ്പോള്‍ റൊണാള്‍ഡോ തനിച്ച് ഡ്രസിങ് റൂമിലേക്ക് കയറി പോകുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സഹതാരങ്ങള്‍ക്കൊപ്പം ടീമിന്റെ ജയം ആഘോഷിക്കാന്‍ റൊണാള്‍ഡോ നിന്നില്ല. പോര്‍ച്ചുഗല്‍ ആരാധകരുടെ ഭാഗത്തേക്ക് തിരിഞ്ഞ് കൈകള്‍ അടിച്ചുകൊണ്ട് റൊണാള്‍ഡോ തനിച്ച് ടണിലിലൂടെ നടന്നുപോകുകയായിരുന്നു.