വീണ്ടുമൊരു ബ്രസീൽ- അര്‍ജന്റീന ഫൈനൽ സംഭവിക്കുമോ? ഫുട്ബോൾ ലോകം കാത്തിരുന്ന കോപ്പ അമേരിക്ക മത്സരക്രമമെത്തി

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2023 (14:19 IST)
അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ മത്സരക്രമം പുറത്തുവിട്ടു. നാലു ഗ്രൂപ്പുകളായ് നാല് ടീമുകള്‍ വീതം ആകെ 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുക. അര്‍ജന്റീന ഗ്രൂപ്പ് എയിലും ബ്രസീല്‍ ഗ്രൂപ്പ് ഡിയിലുമാണ്.ഗ്രൂപ്പ് എ വിജയികളും ബി ഗ്രൂപ്പ് റണ്ണറപ്പുകളുമാകും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. സമാനമായി ബി ഗ്രൂപ്പ് വിജയികളും എ ഗ്രൂപ്പ് റണ്ണറപ്പുകളൂം ഏറ്റുമുട്ടും. അതിനാല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍ അര്‍ജന്റീന പോരാട്ടം ഉണ്ടാകില്ല.
 
അര്‍ജന്റീന, പെറു,ചിലി കാനഡ അല്ലെങ്കില്‍ ട്രിനിഡാസ് ആന്‍ഡ് ടുബാഗോ ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്. ഗ്രൂപ്പ് ബിയില്‍ മെക്‌സിക്കോ,ഇക്വഡോര്‍,വെനസ്വേല,ജമൈക്ക ടീമുകളും ഗ്രൂപ്പ് സിയില്‍ അമേരിക്ക,യുറുഗ്വെ,പനാമ,ബൊളിവിയ ടീമുകളും മാറ്റുരയ്ക്കും. ഗ്രൂപ്പ് ഡിയില്‍ ബ്രസീലും,കൊളംബിയ,പരാഗ്വെ,ഹോണ്ടുറാസ് അല്ലെങ്കില്‍ കോസ്റ്റാറിക്ക ടീമുകളാണുണ്ടാവുക. ജൂണ്‍ 20നാണ് അര്‍ജന്റീനയുടെ ആദ്യമത്സരം. ബ്രസീലിന്റെ ആദ്യ മത്സരം ജൂണ്‍ 24ന് നടക്കും.
 
ജൂലൈ നാലു മുതല്‍ ആറ് വരെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളും അതിന് ശേഷം ജൂലൈ ഒമ്പതിനും പത്തിനും സെമി ഫൈനലും 14ന് ഫൈനല്‍ മത്സരങ്ങളും നടക്കും. ഒന്നാം ക്വാര്‍ട്ടറിലെ വിജയികളും രണ്ടാം ക്വാര്‍ട്ടറിലെ വിജയികളുമാണ് ആദ്യ സെമിയില്‍ ഏറ്റുമുട്ടുക എന്നതിനാല്‍ സെമി ഫൈനല്‍ മത്സരങ്ങളിലും ബ്രസീല്‍ അര്‍ജന്റീന പോരാട്ടം നടക്കാന്‍ സാധ്യതയില്ല. ഫൈനലിലാകും ഏറിയ പക്ഷം ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടുക.

അനുബന്ധ വാര്‍ത്തകള്‍

Next Article