പിഎസ്ജിയെ തണുപ്പിച്ച് കിടത്തി പാമർ, ഫിഫ ക്ലബ് ലോകകപ്പിൽ ചെൽസിക്ക് രണ്ടാം കിരീടം

അഭിറാം മനോഹർ

തിങ്കള്‍, 14 ജൂലൈ 2025 (11:09 IST)
Chelsea FC
ഫിഫ ക്ലബ് ലോകകപ്പ് ഫൈനലില്‍ ശക്തരായ പിഎസ്ജിയെ തകര്‍ത്ത് കിരീടം സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബായ ചെല്‍സി. കലാശപോരില്‍ ഫ്രഞ്ച് കരുത്തരായ പിഎസ്ജിയെ എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ത്തത്. സെമിഫൈനല്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ 4 ഗോളുകള്‍ക്ക് തകര്‍ത്തെത്തിയ പിഎസ്ജിക്കാണ് ഫൈനല്‍ മത്സരത്തില്‍ എല്ലാവരും തന്നെ സാധ്യത കല്‍പ്പിച്ചത്.
 
 2021ല്‍ 7 ക്ലബുകളുമായി ആരംഭിച്ച ക്ലബ് ലോകകപ്പിന്റെ ആദ്യ പതിപ്പില്‍ ചാമ്പ്യന്മാരായത് ചെല്‍സിയായിരുന്നു. ഇത്തവണ 32 ടീമുകളാണ് ക്ലബ് ലോകകപ്പിനായി മത്സരിച്ചത്. ഫ്രഞ്ച് ലീഗും ചാമ്പ്യന്‍സ് ലീഗുമെല്ലാം സ്വന്തമാക്കിയ ശക്തരായ പിഎസ്ജി മൈതാനത്ത് കളി മറക്കുന്ന കാഴ്ചയായിരുന്നു ഇന്നലെ കാണാനായത്. മത്സരത്തിന്റെ 22മത്തെ മിനിറ്റില്‍ തന്നെ ചെല്‍സിക്കായി സ്റ്റാര്‍ സ്‌ട്രൈക്കര്‍ കോള്‍ പാമര്‍ ആദ്യ ഗോള്‍ നേടി. ആ ഷോക്ക് മാറും മുന്‍പ് 30മത്തെ മിനിറ്റില്‍ പാമര്‍ വീണ്ടും പിഎസ്ജി ഗോള്‍വല കുലുക്കി.
 

Take a bow, Cole. pic.twitter.com/n5PWAU9JCc

— Chelsea FC (@ChelseaFC) July 14, 2025
മത്സരത്തിന്റെ 43മത്തെ മിനുറ്റില്‍ ഫ്രഞ്ച് പടയെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിയന്‍ താരമായ ജാവാ പെഡ്രോ ചെല്‍സിയുടെ മൂന്നാം ഗോള്‍ സ്വന്തമാക്കി. ഈ ഗോളിന് വഴിയൊരുക്കിയതും പാമര്‍ തന്നെയായിരുന്നു. രണ്ടാം പകുതിയില്‍ ചെല്‍സിയുടെ ആക്രമണങ്ങളെയെല്ലാം പിഎസ്ജി ചെറുത്തപ്പോള്‍ ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ചെല്‍സി കിരീടനേട്ടം സ്വന്തമാക്കിയത്. മത്സരത്തിന്റെ 86മത്തെ മിനിറ്റില്‍ ജാവോ നെവസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരായാണ് പിഎസ്ജി കളിച്ചത്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം 81,188 പേര്‍ ക്ലബ് ലോകകപ്പ് ഫൈനല്‍ കാണാനായി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെത്തിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍