മെസി ബാഴ്‌സലോണ വിടുന്നു; വലവിരിച്ച് ഇംഗ്ലീഷ് വമ്പന്‍മാര്‍!
ശനി, 24 ഒക്‌ടോബര്‍ 2015 (09:20 IST)
ബാഴ്‌സലോണയോട് യാത്രപറഞ്ഞ് സൂപ്പര്‍താരം ലയണല്‍ മെസി ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. ഇംഗ്ളീഷ് വമ്പന്മാരായ ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ കൂടാരങ്ങളില്‍ ഒന്നില്‍ മെസി എത്തുമെന്നാണ് ബ്രിട്ടീഷ് പത്രം ‘ദ സണ്‍’ റിപ്പോര്‍ട്ടു ചെയ്യുന്നത്.
സ്പെയിനില്‍ മെസിയും പിതാവും നേരിടുന്ന നികുതിവെട്ടിപ്പ് കേസാണ് ബാഴ്‌സലോണ വിട്ട് പോകാന്‍ മെസിയെ പ്രേരിപ്പിക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. സെര്‍ജിയോ അഗ്യൂറോയും, സെസ്ക് ഫാബ്രിഗസും മെസിയെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലേക്ക് എത്താന്‍ ക്ഷണിച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, പ്രചരിക്കുന്ന വാര്‍ത്തകളോട് മെസി ഇതുവരെ പ്രതികരിച്ചിട്ടില്ല. മെസിയെ പോലെ ഒരു സൂപ്പര്‍ താരത്തിനെ
ആകര്‍ഷിക്കാനുള്ള ശക്തി പ്രീമിയര്‍ ലീഗിന് ഇല്ലെന്നാണ് ചെല്‍സി കോച്ച് ജോസെ മൗറീന്യോ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ആ തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്നോട്ടു പോയതായും മെസിയെ പാളയത്തിലെത്തിക്കാന്‍ നീക്കം ആരംഭിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ബാഴ്‌സലോണയില്‍ നിന്ന് മെസിയെ കിട്ടണമെങ്കില്‍ 180 ദശലക്ഷം പൗണ്ട് നല്‍കണമെന്ന നിബന്ധന നിലനില്‍ക്കെ ഈ സീസണില്‍ ഒരു മാറ്റം സാധ്യമല്ല. 2017 ജൂണില്‍ മെസിക്ക് 30 വയസ്സു തികയുമ്പോള്‍ ഒരു വര്‍ഷത്തെ കരാര്‍ മാത്രമാകും ബാക്കിയാകുക. ആ സമയം മെസിയുടെ ചുവടുമാറ്റം എളുപ്പമാകുമെന്നാണ് റിപ്പോര്‍ട്ട്.