Argentina, Copa America Champions: തുടര്‍ച്ചയായി രണ്ടാം തവണയും കോപ്പയില്‍ മുത്തമിട്ട് അര്‍ജന്റീന. ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീനയുടെ കിരീട നേട്ടം. അര്‍ജന്റീനയുടെ 16-ാം കോപ്പ അമേരിക്ക വിജയമാണിത്. ഏറ്റവും കൂടുതല്‍ തവണ കോപ്പ കിരീടം നേടിയ ടീമെന്ന നേട്ടവും അര്‍ജന്റീന സ്വന്തമാക്കി. 15 തവണ കിരീടം നേടിയ ഉറുഗ്വായ് ആണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലില്‍ ആതിഥേയരായ ബ്രസീലിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന കോപ്പയില്‍ മുത്തമിട്ടത്.
കൈയാങ്കളിയിലേക്ക് പോലും നീണ്ട കലാശക്കൊട്ടില്‍ എക്‌സ്ട്രാ ടൈമിലാണ് അര്‍ജന്റീനയുടെ വിജയഗോള്‍. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. എക്‌സ്ട്രാ സമയത്തിന്റെ രണ്ടാം പകുതിയില്‍ ലൗത്താറോ മാര്‍ട്ടിനെസ് ആണ് അര്‍ജന്റീനയ്ക്കായി വിജയഗോള്‍ നേടിയത്. ഈ ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കൊളംബിയ ഫൈനലില്‍ ആദ്യാവസാനം അര്‍ജന്റീനയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി. അര്‍ജന്റീനയുടെ ഗോള്‍ വല ചലിപ്പിക്കാന്‍ ഒന്നിലേറെ തവണ കൊളംബിയ തീവ്ര ശ്രമങ്ങള്‍ നടത്തിയതാണ്. അപ്പോഴെല്ലാം സൂപ്പര്‍മാന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനെസ് രക്ഷകനായി അവതരിച്ചു.
അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി പരുക്കിനെ തുടര്‍ന്ന് മത്സരത്തിന്റെ 65-ാം മിനിറ്റില്‍ കളംവിട്ടു. ആദ്യ പകുതിയിലാണ് മെസിക്ക് പരുക്കേറ്റത്. കണങ്കാല്‍ നീരുവന്ന് മുട്ടി നടക്കാന്‍ പോലും പ്രയാസപ്പെടുന്ന മെസിയുടെ ദൃശ്യങ്ങള്‍ ആരാധകരെ വിഷമിപ്പിച്ചു. എങ്കിലും ലൗത്താറോ മാര്‍ട്ടിനെസിന്റെ വിജയഗോളില്‍ മെസിയുടെ മുഖം പ്രകാശിച്ചപ്പോള്‍ ആരാധകരും അതിനൊപ്പം ആനന്ദനൃത്തമാടി. അര്‍ജന്റൈന്‍ സൂപ്പര്‍താരം ഏഞ്ചല്‍ ഡി മരിയയുടെ അവസാന മത്സരം കൂടിയായിരുന്നു ഇത്. കോപ്പ നേട്ടത്തോടെ വിരമിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ഡി മരിയ മത്സരശേഷം പ്രതികരിച്ചു.