എഎഫ്സി കപ്പ് ഫൈനല്‍: ബെംഗളൂരു എഫ്സി, എയർഫോഴ്സ് ക്ലബ് ഇറാഖ് പോരാട്ടം ഇന്ന് ദോഹയില്‍
എഎഫ്സി കപ്പ് ഫൈനലില്‍ ഇന്ന് ബെംഗളൂരു എഫ്സി എയർഫോഴ്സ് ക്ലബ് ഇറാഖിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം ആരംഭിക്കുക. ഈ മത്സരം ജയിക്കാന്‍ സാധിച്ചാല്‍ പല ചരിത്രങ്ങളും ബെംഗളൂരു എഫ്സിയ്ക്കു മുന്നില്‍ വഴിമാറും. ചാംപ്യൻഷിപ്പിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ ക്ലബ് എന്ന നിലയിലേക്ക് സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള നീലപ്പട മാറുമെന്നാണ് ഓരോ ഇന്ത്യന്‍ ആരാധകനും പ്രതീക്ഷിക്കുന്നത്. മത്സരം സ്റ്റാർ സ്പോർട്സിൽ തൽസമയം.
ഇറാഖ് ക്ലബിന്റെ ഹോം ഗ്രൗണ്ടാണെങ്കിലും ദോഹയിൽ ഇന്ത്യക്കാർ ധാരാളമുള്ളതിനാൽ ബെംഗളൂരുവിനും സമാനമായ അന്തരീക്ഷം അനുഭവിക്കാന്‍ സാധിക്കും. സെമിഫൈനലിൽ നിലവിലെ ജേതാക്കളായ മലേഷ്യൻ ക്ലബ് ജോഹോർ ദാറുൽ താസിമിനെയാണ് ബെംഗളൂരു തോല്‍പ്പിച്ചത്. 1962ല്‍ ജക്കാർത്തയില്‍ നടന്ന ഏഷ്യൻ ഗെയിംസിൽ ദേശീയ ഫുട്ബോൾ ടീം സ്വർണം നേടിയതാണ് ഇന്ത്യ ഇതിനു മുൻപ് ഏഷ്യൻ തലത്തിൽ നേടിയ ഏക കിരീടം.