ആബിദിന്‍റെ പൂര്‍ണ്ണതകള്‍

Webdunia
UNIWD
സൈനുല്‍ ആബിദ്.
വയസ്സ് :25
അറിയുന്നത്: ഡിസൈനിങ്ങ്.
മലയാള സാഹിത്യത്തില്‍ ആബിദിനെ അടയാളപ്പെടുത്തുന്നത്: പുസ്തക ഡിസൈനിങ്ങില്‍ ആബിദിന് മുന്‍പും പിന്‍പും.

നിറങ്ങള്‍ക്ക് വര്‍ണ്ണവ്യവസ്ഥയുണ്ടെങ്കില്‍ അത് പൊളിച്ചുകളയണമെന്ന് വാശിപിടിച്ചവര്‍ക്കിടയിലൂടെ അവര്‍ക്ക് അപരിചിതമായ ചില നിറങ്ങള്‍ കൊണ്ടും അതിലേറെ പുതിയ ലോകത്തിന്‍റെ എല്ലാ ആകാംക്ഷകളിലേക്കും കണ്ണുകള്‍ വിടര്‍ത്തി ആബിദ് കാണുന്നു.

ചെറിയ ചെറിയ ലോകത്തെ ആ കണ്ണുകള്‍ പിടിച്ചു വയ്ക്കുന്നു. ഓരോന്നിനും ഓരോ രൂപങ്ങള്‍ നിര്‍ണ്ണയിക്കുന്നു.നമ്മെ അതിശയിപ്പിച്ചു മിണ്ടാതെ നിന്നു ചിരിക്കുന്നു.

വാക്കുകളേക്കാള്‍ നമ്മുടെ കാലത്തിന്‍റെ നിര്‍മ്മിതികള്‍ കാഴ്ചകളാണെന്നും ഓരോ കാഴ്ചകളും ഓരോ അതിശയങ്ങളാണെന്നും ആബിദിനറിയാം. ഓരോ ആളുകളിലും ആബിദ് ആ അതിശയം തേടുന്നു.
WDWD


ആബിദിന്‍റെ ഇഷ്ടാനിഷ്ടങ്ങളുടെ പട്ടിക ഞാന്‍ അനുമതിയില്ലാതെ ഇവിടെ എടുത്തു ചേര്‍ക്കുന്നു. വൈവിദ്ധ്യങ്ങള്‍ക്ക് ഒരു സാമ്പിള്‍.

ഇഷ്ടപ്പെട്ട 15 കാര്യങ്ങളില്‍ ചിലത്.

മൂക്കൂത്തി,
ഒമ്പതാം ക്ളാസ്,
മഴയില്‍ കാറ്റടിച്ചു കുടമടങ്ങിപ്പോകുന്നത്,
ഹൈഡ് ആന്‍റ് സീക്ക് ബിസ്കറ്റ്,
ആട്ടിന്‍ കുട്ടി,

WDWD
ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ തുമ്മല്‍,
പനിക്കിടക്കയില്‍ വച്ചു ഖസാക്കിന്‍റെ ഇതിഹാസം വായിക്കുന്നത്,
ഉമ്മാമ്മയുടെ മണം,
കെ എസ് ആര്‍ ടി സി ബസിന്‍റെ ഡിസൈന്‍,
കോടന്പാക്കം റെയില്‍വേ സ്റ്റേഷന്‍,
സുഹാസിനി,
എറ്റേണിറ്റി ആന്‍റ് എ ഡെ(ഗ്രീക്ക് സിനിമ),
ബാര്‍ബര്‍ ഷോപ്പിലെ റേഡിയോ...

ആ ഇഷ്ടങ്ങള്‍ ഇങ്ങനെ പോകുന്നു.

മാഹിയില്‍ ജനിച്ച ആബിദ് തലശേരി ബ്രണ്ണനില്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കി.

മദ്രാസ് ഗവണ്മെന്‍റ് ഫൈന്‍ ആര്‍ട്സില്‍ നിന്നും ബിരുദം നേടി പുറത്തു വന്നപ്പോഴേക്കും ലിറ്റില്‍ മാഗസിനുകളിലൂടെയും മറ്റും തന്‍റെ വരവറിയിച്ചു കഴിഞ്ഞു.

തലശേരിയില്‍ നിന്നും ആബിദിന്‍റെ കൂടി മേല്‍ നോട്ടത്തില്‍ പുറത്തിറങ്ങിയ സംവാദം മാസിക കേരളത്തില്‍ രൂപകല്‍പനയിലും ഉള്ളടക്കത്തിലും ചലനങ്ങള്‍ ഉണ്ടാക്കി.


മനോരമയിലേക്കാണ് സംവാദത്തില്‍ നിന്നും ആബിദ് പോയത്. മനോരമയുടെ ടാബ്ളോയിഡായ ശ്രീ, ആബിന്‍റെ പരീക്ഷണങ്ങളില്‍ പുതുമുഖമായി ആളുകളുടെ അടുത്തേക്ക് എത്തി.

വായനക്കാര്‍ ശ്രീയുടെ ഓരോ ലക്കത്തിന്‍റെയും ആകര്‍ഷണീയതകളെ കാത്തിരിക്കാന്‍ തുടങ്ങി.
ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ പുറത്തിറക്കുന്ന ഗൃഹശ്രീയുടെ രൂപകല്‍പ്പന നിര്‍വ്വഹിക്കുന്ന ആബിദ് മാതൃഭൂമിയുടെ ഗൃഹലക്ഷ്മിയുടെയും ഡിസി ബുക്സിന്‍റേയും നിര്‍മ്മിതികള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നു.

മറ്റ് പുസ്തക ശാലകളുടേയും എഴുത്തുകാരുടേയും പുസ് തകങ്ങളുടെ കവര്‍ചിത്രങ്ങള്‍ക്കുപിന്നില്‍ ആബിദിന്‍റെ ചലനങ്ങളുണ്ട്.

ഡി സി ബുക്സില്‍ നിന്നും പുറത്തിറങ്ങുന്ന പുസ് തകങ്ങളുടെ പുറംച്ചട്ടകള്‍ ചെയ്യാന്‍ തുടങ്ങുന്നതോടെയാണ് ആബിനെ നാം കൂടുതല്‍ ക്രീയേറ്റീവായി കാണുന്നത്.

നമ്മുടെ എഴുത്തുകാരുടെ വരികള്‍ ആബിദിന്‍റെ രൂപം ധരിച്ചു വരാന്‍ തുടങ്ങി.

സക്കറിയയും ഭാസ്കരപ്പട്ടേലരും ഫ്രെയിമില്‍ നില്ക്കുന്പോള്‍ നമ്മള്‍ അടൂരിന്‍റെ സുപരിചിതമായ ദൃശ്യങ്ങളെ ഓര്‍ക്കുന്നു. സിനിമയുടെ രൂപത്തിനു മുകളിലേക്ക് ആബിദിന്‍റെ വായനകൂടി കുട്ടിച്ചേര്‍ക്കുന്നു.പുസ്തകം നമ്മോട് കൂടുതല്‍ അടുക്കുന്നു.

നമ്മള്‍ അവയെ കൈയ്യിലെടുക്കുന്നു.


ആബിദ് ഡിസൈന്‍ ചെയ്ത പി കുഞ്ഞിരാമന്‍ നായരുടെ സമ്പൂര്‍ണ്ണകവിതകളെപ്പറ്റി കൃഷ്ണന്‍ നായര്‍ പറഞ്ഞതു കേള്‍ക്കുക.. '' ആളുകള്‍ ഇതുവരെ കരുതിയത് പുസ്തകം വായിക്കാനുള്ളതാണ് എന്നാണ്. പി കുഞ്ഞിരാമന്‍ നായരുടെ പുസ്തകം കണ്ടതോടെ പുസ്തകം ഒരു അലങ്കാര വസ്തു കൂടിയാണെന്നു നാം മനസ്സിലാക്കുന്നു.

നമുക്കിത് പ്രദര്‍ശിപ്പിക്കാം.വായനക്കാരേ വെറും കൈയ്യോടെ ഇതു തൊടരുത് സോപ്പിട്ട് കൈകഴുകിയിട്ടേ തൊടാവു. അത്രയ്ക്ക് മഹനീയമാണ് ഇതിന്‍റെ രൂപഘടന. ..''

വളരെക്കുറച്ചേ? സ്തുതികള്‍ കൃഷ്ണന്‍ നായരില്‍ നിന്നും വന്നിരിക്കേ ഈ വാക്കുകളെ നാം സൂക്ഷിക്കണം.ആബിദിനേയും.

ആബിദിന്‍റെ ആഴങ്ങള്‍ അവന്‍ സഞ്ചരിക്കുന്നതും കൊണ്ടു നടക്കുന്നതുമായ ലോകത്തിന്‍റെ സാക്‍ഷ്യങ്ങളാണ്

ആബിദിന്‍റെ പൂര്‍ണ്ണതകള്‍

സച്ചിദാനന്ദന്‍റെ സാക്‍ഷ്യങ്ങള്‍ എന്ന പുസ്തകത്തിന് ആബിദ് തീര്‍ത്ത കവര്‍ മതി അയാളുടെ കാലത്തോടുള്ള അവന്‍റെ അടയാളങ്ങളെ വായിക്കാന്‍. ഗുജറാത്തിലെ കലാപത്തിനു തിരികൊളുത്തിയ ഗുജറാത്തി പത്രം തന്നെ ആബിദ് തന്‍റെ സാക്‍ഷ്യത്തിന് ഉപയോഗിക്കുന്നു. സാക്‍ഷ്യങ്ങള്‍ക്ക് സച്ചിദാനന്ദന്‍ അനുഭവിച്ച അതേ വേദനയോ അതിലധികമോ എന്നതാണ് ഡിസൈനറുടെ കമ്മിറ്റ്മെന്‍റ്.

ഇന്ദുമേനോന്‍റെ സംഘ്പരിവാര്‍ , രൂപേഷ് പോളിന്‍റെ പെണ്‍കുട്ടി ഒരു രാഷ്ട്രമാണ്, ഡി സി ബുക് സ് പുറത്തിറക്കുന്ന പച്ചക്കുതിരയുടെ കവര്‍ചിത്രമായി വന്ന അടിയന്തിരാവസ്ഥയെപ്പറ്റിയുള്ള ലക്കം, മുസ്ളീം എന്നലക്കം എന്നിവ വേറിട്ടു നില്ക്കുന്ന രീതികളാണ്.


ഭാഷാപോഷിണിയില്‍ ആനന്ദിന്‍റെ തുന്നല്‍കാരന്‍ കവര്‍ ചിത്രമായി വന്ന ലക്കത്തിന്‍റെ ഡിസൈന്‍,,ഖസാക്കിന്‍റെ ഇതിഹാസത്തിന് തുമ്പികളേയും പശ്ചാത്തലത്തില്‍ കൈരേഖകളേയും ചേര്‍ത്തു ചെയ്തത് ...ഒക്കെ ഒട്ടും അതിശയോക്തിയില്ലാതെ പറയട്ടേ , ആബിദിനു മാത്രം പൂര്‍ത്തിയാക്കാന്‍ വച്ചതു പോലെ ആയിരുന്നു.

അത് അര്‍ഹിക്കുന്ന സൂക്ഷ്മത ആബിദ് അതിന് നല്കിയിട്ടുണ്ട്.

നളിനി ജമീലയുടെ ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥയ്ക്ക് അത്ര വില്‍പ്പന ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്‍റെ കാരണങ്ങളില്‍ വലിയ അംശം ആബിദിന് അവകാശപ്പെട്ടതാണ്. ആകര്‍ഷണീയതയോടെയാണ് ആബിദ് പുസ്തകം രൂപകല്‍പന ചെയ്തിരിക്കുന്നത്.

സ്വവര്‍ഗ്ഗ ലൈഗീകതയെപ്പറ്റി ദില്കിപ് രാജും രേഷ്മ ഭരദ്വാജും എഡിറ്റു ചെയ്ത പുസ്തകത്തിന് ആബിദ് തയാറാക്കിയ കവര്‍ചിത്രം ശ്രദ്ധിക്കുക. രണ്ടു ബ്രാ തമ്മില്‍ ഒരു പിന്‍ കൊണ്ട് കൊരുത്തിട്ടിരിക്കുന്നു.

വിശേഷപ്പെട്ടവ പറഞ്ഞാല്‍ ഇനിയും തീരില്ല.ഒരുപാടും, അതിലേറെയും ഇവന്‍ നമ്മെ അമ്പരപ്പിക്കട്ടെ.

ഓരോ നടുക്കങ്ങളോടെയും നാം ആബിദിന് ഉള്ളില്‍ ഒരു കണിക സ്നേഹം നല്കും.

ലളിതമായല്ലാതെ നാം എങ്ങനെയാണ് ആബിദിനേയും ആ ലോകത്തേയും കാണുക..?