Rekhachithram Movie Review: ചരിത്ര ശേഷിപ്പുകളിലൂടെ സത്യം തേടിയുള്ള യാത്ര; മമ്മൂട്ടിയും ഭരതനും ജോണ്‍ പോളും സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന 'അപൂര്‍വ്വത'

Nelvin Gok
വെള്ളി, 10 ജനുവരി 2025 (12:09 IST)
Rekhachithram Movie Review

Nelvin Gok / nelvin.wilson@webdunia.net
Rekhachithram Movie Review: ജോണ്‍ പോളിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത് 1985 ല്‍ റിലീസ് ചെയ്ത സിനിമയാണ് 'കാതോട് കാതോരം'. മമ്മൂട്ടി, ഭരതന്‍, ജോണ്‍ പോള്‍, ഔസേപ്പച്ചന്‍, നെടുമുടി വേണു, സരിത, ലിസി, ഇന്നസെന്റ് തുടങ്ങി മലയാള സിനിമയുടെ വിന്റേജ് നിര്‍മാണ കമ്പനിയായ സെവന്‍ ആര്‍ട്‌സ് ഫിലിംസ് വരെ ഭാഗമായ എവര്‍ഗ്രീന്‍ ചിത്രമെന്ന് കാതോട് കാതോരത്തെ നിസംശയം വിശേഷിപ്പിക്കാം. ഈ സിനിമയ്ക്കും സിനിമയുടെ ഭാഗമായവര്‍ക്കും ട്രിബ്യൂട്ട് നല്‍കുന്നതാണ് ജോഫിന്‍ ടി ചാക്കോയുടെ 'രേഖാചിത്രം'. ഒരു മിസ്റ്ററി ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറില്‍ ചരിത്രത്തെ ഒരു പാട്ട് പോലെ ബ്ലെന്‍ഡ് ചെയ്തിരിക്കുകയാണ് സംവിധായകന്‍. അഥവാ രേഖയുടെ 'ചിത്രം' തെളിയുന്നത് കാതോട് കാതോരത്തിന്റെ 'ചരിത്ര'ത്തിലൂടെയാണെന്നും പറയാം..! 
 
ജോലി സമയത്ത് ഓണ്‍ലൈന്‍ റമ്മി കളിച്ചതിനു സസ്‌പെന്‍ഷനിലായ സി.ഐ വിവേക് ഗോപിനാഥാണ് (ആസിഫ് അലി) രേഖാചിത്രത്തിലെ പ്രധാന കഥാപാത്രം. സസ്‌പെന്‍ഷനു ശേഷം വിവേക് ഗോപിനാഥ് നിയോഗിക്കപ്പെടുന്നത് മലക്കപ്പാറ പൊലീസ് സ്റ്റേഷനിലേക്കാണ്. തന്റെ സ്റ്റേഷന്‍ അതിര്‍ത്തിക്കുള്ളില്‍ സംഭവിക്കുന്ന ഒരു ആത്മഹത്യയും ആത്മഹത്യ ചെയ്തയാള്‍ മരിക്കുന്നതിനു മുന്‍പ് നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആത്മഹത്യ ചെയ്തയാളുടെ വെളിപ്പെടുത്തലില്‍ നിന്ന് ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ വിവേക് ഗോപിനാഥ് നടത്തുന്ന അന്വേഷണമാണ് 'രേഖാചിത്രം'. 
 
ഏകദേശം 40 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നെന്ന് കരുതപ്പെടുന്ന കൊലപാതകത്തിനു 1985 ല്‍ റിലീസ് ചെയ്ത കാതോട് കാതോരം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുന്നു. 2024 ല്‍ നടക്കുന്ന കേസന്വേഷണത്തിനൊപ്പം സമാന്തരമായി കാതോട് കാതോരം സിനിമയുടെ ചിത്രീകരണവും കടന്നുവരുന്നു. അവിടെ മമ്മൂട്ടിയും ഭരതനും ജോണ്‍ പോളും തുടങ്ങി കാതോട് കാതോരത്തിലെ പാട്ടുകള്‍ പോലും ഈ സിനിമയുടെ പ്രധാന കഥാപാത്രങ്ങളാകുന്നു. കേസന്വേഷണത്തെ 40 വര്‍ഷം മുന്‍പ് നടന്ന സിനിമ സെറ്റിലെ കാര്യങ്ങളുമായി ബന്ധപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്ന രീതിയാണ് ഈ സിനിമയെ മികച്ചതാക്കുന്നത്.
 
പതിവ് ത്രില്ലറുകളുടെ സ്വഭാവമല്ല രേഖാചിത്രത്തിന്റേത്. കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അനാവശ്യ ട്വിസ്റ്റുകള്‍ നിറച്ച് അതിനാടകീയതയിലേക്ക് സിനിമ ഒരിക്കല്‍ പോലും വീണുപോകുന്നില്ല. ഇവിടെ ഓരോ രഹസ്യങ്ങളും ചുരുളഴിയുന്നത് വളരെ സ്വാഭാവികമായും പ്രേക്ഷകരെ കണ്‍വിന്‍സിങ് ആക്കുന്ന രീതിയിലുമാണ്. ആദ്യമായി സംവിധാനം ചെയ്ത പ്രീസ്റ്റില്‍ നിന്ന് രേഖാചിത്രത്തിലേക്ക് എത്തുമ്പോള്‍ വളരെ കൈയടക്കത്തോടെ ഒരു പ്ലോട്ടിനെ അവതരിപ്പിക്കാനുള്ള മികവ് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ സ്വന്തമാക്കിയിട്ടുണ്ടെന്ന് വ്യക്തം. ജോണ്‍ മന്ത്രിക്കലും രാമു സുനിലും ചേര്‍ന്നൊരുക്കിയ ഈടുറ്റ തിരക്കഥയാണ് സംവിധായകനു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയത്. മുജീബ് മജീദിന്റെ സംഗീതവും അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മികച്ചുനിന്നു. 
 
പരിമിതമായ ബഡ്ജറ്റില്‍ ഒരുക്കിയ സിനിമയായിട്ടും എഐ സാങ്കേതിക വിദ്യയെ വളരെ ബ്രില്ല്യന്റായാണ് രേഖാചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കോടികള്‍ മുടക്കി ഈയടുത്ത് തിയറ്ററുകളിലെത്തിയ തെന്നിന്ത്യന്‍ സൂപ്പര്‍ഹീറോയുടെ ബിഗ് ബജറ്റ് ചിത്രത്തിലെ എഐ ഉപയോഗവും രേഖാചിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ എഐ സാങ്കേതിക വിദ്യയില്‍ സ്‌ക്രീനില്‍ എത്തിച്ചതും താരതമ്യപ്പെടുത്തിയാല്‍ ഇക്കാര്യം വ്യക്തമാകും. സൂപ്പര്‍താരങ്ങള്‍ക്കോ ഒരു കാലഘട്ടത്തിനോ ട്രിബ്യൂട്ടായി മലയാളത്തില്‍ ഒട്ടേറെ സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും രേഖാചിത്രം അതില്‍ നിന്നെല്ലാം ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നത് അതിശയോക്തി കലരാതെ ആ വിന്റേജ് കാലഘട്ടത്തെ തിരക്കഥ ഡിമാന്‍ഡ് ചെയ്യുന്ന രീതിയില്‍ അവതരിപ്പിച്ചതിലാണ്. മമ്മൂട്ടിയില്ലെങ്കിലും അടിമുടി ഒരു 'മമ്മൂട്ടി ഫീല്‍' ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. ഭരതനും ജോണ്‍ പോളും ഔസേപ്പച്ചനും ഇല്ലെങ്കിലും എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലും വന്നിട്ടുള്ള മലയാള സിനിമകളുടെ ചൂടും ചൂരും രേഖാചിത്രത്തിനുണ്ട്. ഒരിക്കല്‍ പോലും കാതോട് കാതോരം, മമ്മൂട്ടി ഫാക്ടറുകള്‍ തിരക്കഥയെ ഓവര്‍ലാപ്പ് ചെയ്യുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഈ സിനിമയുടെ വിധി മറ്റൊന്നാകുമായിരുന്നു ! 
 
ആസിഫ് അലിക്ക് അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രമാണ് രേഖാചിത്രത്തിലേത്. തലവനിലും കൂമനിലും കണ്ട പൊലീസ് വേഷങ്ങളുമായി സദൃശ്യപ്പെടുത്താമെങ്കിലും രേഖാചിത്രത്തിലെ വിവേക് ഗോപിനാഥ് ആവശ്യപ്പെടുന്നതെല്ലാം പിശുക്കില്ലാതെ, വേണ്ട അളവില്‍ നല്‍കിയിട്ടുണ്ട് ആസിഫ് അലി. രേഖ പത്രോസ് എന്ന കഥാപാത്രത്തിലേക്ക് മറ്റാരെയും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധം അനശ്വര രാജന്‍ ഗംഭീരമാക്കിയിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം മനോജ് കെ ജയന്റേതാണ്. ലൗഡ് ആയ കഥാപാത്രങ്ങള്‍ മാത്രമല്ല തനിക്കു ചെയ്യാന്‍ സാധിക്കുകയെന്ന് രേഖാചിത്രത്തിലൂടെ മനോജ് കെ ജയന്‍ അടിവരയിടുന്നു. സറിന്‍ ഷിഹാബ്, സിദ്ദിഖ്, ജഗദീഷ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, നിഷാന്ത് സാഗര്‍, മേഘ തോമസ് എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. 
 
ക്ലൈമാക്‌സിനോടു അടുക്കുമ്പോള്‍ മറ്റൊരു മലയാള സിനിമയിലെ വളരെ പോപ്പുലറായ ഭാഗം രേഖാചിത്രത്തിലെ മര്‍മ പ്രധാനമായ ഭാഗമാകുന്നുണ്ട്. ചെറുതായൊന്നു പാളിയാല്‍ സിനിമയുടെ മൊത്തം ഔട്ട്പുട്ടിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള സീനായിരുന്നു അത്. ആ സീനിലെ കഥാപാത്രത്തിന്റെ സ്വാഭാവികമായ പെര്‍ഫോമന്‍സിനൊപ്പം വളരെ ബ്രില്ല്യന്റായി പഴയ സിനിമയിലെ ഒരു ഭാഗത്തെ തിരക്കഥാകൃത്തുകളും സംവിധായകനും ചേര്‍ന്ന് രേഖാചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹൈ വോള്‍ട്ടേജ് ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ പ്രതീക്ഷിക്കാതെ ടിക്കറ്റെടുത്താല്‍ രേഖാചിത്രം എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തും. മലയാള സിനിമയുടെ വിന്റേജ് കാലഘട്ടത്തെ ഇഷ്ടപ്പെടുന്ന പ്രേക്ഷകന്‍ കൂടിയാണ് നിങ്ങളെങ്കില്‍ രേഖാചിത്രം നിങ്ങള്‍ക്കൊരു തിയറ്റര്‍ ട്രീറ്റ് തന്നെയായിരിക്കും. 
 
റേറ്റിങ്: 3/5 

അനുബന്ധ വാര്‍ത്തകള്‍

Next Article