Malaikottai Vaaliban Review: ഫ്‌ളാറ്റായി പോയ മാസ് രംഗങ്ങള്‍, ഉടനീളം ഇമോഷണല്‍ ഡ്രാമ; പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താതെ വാലിബന്‍

രേണുക വേണു

വ്യാഴം, 25 ജനുവരി 2024 (12:24 IST)
Malaikottai Vaaliban Review: മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'മലൈക്കോട്ടൈ വാലിബന്‍' തിയറ്ററുകളില്‍. വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയെങ്കിലും ആദ്യ പ്രദര്‍ശനം പൂര്‍ത്തിയാകുമ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. മലൈക്കോട്ടൈ വാലിബന്‍ എന്ന അതിശക്തനായ യോദ്ധാവിനെ ഒരേസമയം മാസായും ക്ലാസായും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ സംവിധായകന്‍ പൂര്‍ണമായി വിജയിച്ചില്ല. റിലീസിനു മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടതു പോലെ ഉടനീളം ഇമോഷണല്‍ ഡ്രാമയെന്ന പേസിലാണ് ചിത്രം മുന്നോട്ടു പോകുന്നത്. 
 
അമര്‍ ചിത്ര കഥ പോലെ പ്രേക്ഷകരെ പൂര്‍ണമായി ഫാന്റസി മൂഡിലേക്ക് എത്തിക്കാനുള്ള പ്ലോട്ട് മലൈക്കോട്ടൈ വാലിബന് ഉണ്ടായിരുന്നു. പരീക്ഷണ സിനിമകളിലൂടെ ശ്രദ്ധ നേടിയ ലിജോയുടെ ലക്ഷ്യവും അത് തന്നെയായിരുന്നു. എന്നാല്‍ തിരക്കഥ, സംഭാഷണം, പശ്ചാത്തല സംഗീതം എന്നിവിടങ്ങളിലെല്ലാം നൂറ് ശതമാനം മികവ് പുലര്‍ത്താന്‍ ചിത്രത്തിനു സാധിച്ചില്ല. ഇക്കാരണം കൊണ്ട് തന്നെ മലൈക്കോട്ടൈ വാലിബന്‍ ഒരു ശരാശരി സിനിമ അനുഭവം മാത്രം സമ്മാനിക്കുന്നു. 
 
മലൈക്കോട്ടൈ വാലിബന്റെ ഇന്‍ട്രോ സീനില്‍ തിയറ്റര്‍ കുലുങ്ങുമെന്നാണ് അസോസിയേറ്റ് ഡയറക്ടറായ ടിനു പാപ്പച്ചന്‍ റിലീസിനു മുന്‍പ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത്തരത്തിലൊരു അഡ്രിനാലിന്‍ റഷ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ ഇന്‍ട്രോ സീനിന് സാധിച്ചിട്ടില്ല. വാലിബനെന്ന ശക്തനായ യോദ്ധാവിന് നല്‍കിയിരിക്കുന്ന ആമുഖം അടക്കം വളരെ ഫ്‌ളാറ്റായി പോയി. അതുകൊണ്ട് തന്നെ ഇന്‍ട്രോ സീന്‍ അടക്കം പല ഫൈറ്റ് രംഗങ്ങളും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലേക്ക് എത്തിയിട്ടില്ല. വളരെ സ്ലോ പേസിലാണ് ഫൈറ്റ് രംഗങ്ങള്‍ പോലും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. നാടകങ്ങളെ ഓര്‍മപ്പെടുത്തുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ സിനിമയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വാലിബന്റെ ഡയലോഗുകള്‍ പോലും മിക്കയിടത്തും ഒരു അമേച്വര്‍ നാടകത്തെ ഓര്‍മിപ്പിക്കുന്ന വിധത്തിലാണ്. 
Malaikottai Vaaliban
 
അവസാന പത്ത് മിനിറ്റാണ് സിനിമ പൂര്‍ണമായി പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നത്. അവസാന സീനുകളില്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള ആത്മസംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുന്നതിലും രണ്ടാം ഭാഗത്തിലേക്കുള്ള സാധ്യത തുറന്നിടുന്നതിലും സംവിധായകന്‍ ഒരുപരിധി വരെ വിജയിച്ചിട്ടുണ്ട്. അവസാന പത്ത് മിനിറ്റില്‍ ഹരീഷ് പേരടിയുടെ ഡയലോഗ് ഡെലിവറിയും പെര്‍ഫോമന്‍സും മികച്ചുനിന്നു. ഒരേ പശ്ചാത്തല സംഗീതം തന്നെ ആവര്‍ത്തിച്ചു കേള്‍ക്കേണ്ടി വരുന്നത് അരോജകമാണ്. പശ്ചാത്തല സംഗീതത്തെ കൃത്യമായി പ്ലേസ് ചെയ്യുന്നതില്‍ സംവിധായകനും സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ളയും പരാജയപ്പെട്ടു. 
 
വാലിബനിലെ ഏറ്റവും മികച്ച ഫാക്ടര്‍ സിനിമാട്ടോഗ്രഫിയാണ്. ഓരോ ഫ്രെയിമും പ്രേക്ഷകര്‍ക്ക് പുതുമ നല്‍കുന്നുണ്ട്. ക്യാമറ കൈകാര്യം ചെയ്ത മധു നീലകണ്ഠന്‍ കൈയടി അര്‍ഹിക്കുന്നു. ചിത്രത്തിന്റെ കളര്‍ ഗ്രേഡിങ്ങും മികച്ചതായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍