Kannur Squad: മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് സെപ്റ്റംബര്‍ 28 വ്യാഴാഴ്ച തിയറ്ററുകളിലെത്തും. വേള്‍ഡ് വൈഡായാണ് റിലീസ്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് ചിത്രത്തിന്റെ ജിസിസി വിതരണം ഏറ്റെടുത്തിരിക്കുന്നത്. പ്രി റിലീസ് റിവ്യു പുറത്തുവരുമ്പോള്‍ മികച്ച ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് വ്യക്തമാകുന്നു.
ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ വേണ്ടി എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിനും സംഘവും നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച ആദ്യ പകുതിയും പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേതെന്ന് പ്രിവ്യു ഷോയ്ക്ക് ശേഷം ചിലര്‍ അഭിപ്രായപ്പെട്ടു. ഉണ്ടയ്ക്ക് ശേഷം മമ്മൂട്ടിയുടെ മികച്ച പൊലീസ് വേഷമെന്നാണ് പ്രിവ്യൂ ഷോയ്ക്ക് ശേഷമുള്ള അഭിപ്രായം.
മുഹമ്മദ് ഷാഫിയുടേതാണ് കഥ. നടന്‍ കൂടിയായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം സുഷിന്‍ ശ്യാം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തെ പുറത്തിറക്കിയിരിക്കുന്നു. ഇന്‍വസ്റ്റിഗേഷന്‍ ഴോണറിലാണ് ചിത്രത്തിന്റെ കഥ പറച്ചിലെന്നാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്.
മമ്മൂട്ടിയുടെ അവസാന തിയറ്റര്‍ റിലീസുകളായ ക്രിസ്റ്റഫറും പാന്‍ ഇന്ത്യന്‍ ചിത്രമെന്ന ലേബലില്‍ എത്തിയ ഏജന്റും സാമ്പത്തികമായി വന്‍ പരാജയമായിരുന്നു. കാതല്‍, ബസൂക്ക, ഭ്രമയുഗം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.