ജിപ്സി സമൂഹത്തിന്റെ സംഗീതത്തിലൂടെയും അവരുടെ ജീവിതങ്ങളെയും തിരശീലയില്‍ എത്തിക്കുന്നതില്‍ പ്രശസ്തനായ സംവിധായകനാണ് ടോണി ഗാറ്റ്ലിഫ്. ഗാറ്റ്ലിഫിന്റെ കോര്‍കോറോ(സ്വാതന്ത്രം) എന്ന ചിത്രത്തില്‍ ഒരു രംഗമുണ്ട്. ഒരു ജിപ്സി കുടുംബത്തിലെ വ്യക്തി ഫ്രാന്‍സിലെ തദ്ദേശിയനായ ഒരാളുടെ വീട്ടിലേക്ക് പോകുന്നു.ബാത്ത്റൂമില്‍ പൈപ് തുറന്നതും വെള്ളം പൈപ്പിലൂടെ വരുന്നതായി അയാള്‍ നോക്കി നില്‍ക്കുകയാണ്. സിങ്ക് നിറയുന്നതും അതില്‍ കെട്ടി കിടക്കുന്ന വെള്ളത്തെ അയാള്‍ കോരി നിലത്തേക്കാക്കുന്നു. സ്വാതന്ത്രം നേടു എന്നാണ് അയാള്‍ പറയുന്നത്.
ഹിറ്റ്ലറിന്റെ ജിപ്‌സി കൂട്ടക്കുരുതിയുടെ കാലത്തെ കഥയാണ് കോര്‍കോറോ പറയുന്നത്. ജിപ്‌സികള്‍ എന്ന സമൂഹം എന്തായിരുന്നു എന്നത് അടയാളപ്പെടുത്തുന്ന ഒരു രംഗം കൂടിയാണ് മേല്‍ പറഞ്ഞത്. കെട്ടിക്കിടക്കുന്ന എന്തിനോടും ആ സമൂഹം നിങ്ങള്‍ സ്വാതന്ത്രം നേടു എന്ന് പറയുന്നു.
ചിത്രത്തില്‍ ഫ്രാന്‍സ് 1943-1944 കാലഘട്ടത്തില്‍ ജിപ്‌സികളുടെ സഞ്ചാരം തടയുമ്പോള്‍ ഈ സഞ്ചാരം ആണ് ഞങ്ങളുടെ ജീവിതം എന്നാണ് ജിപ്സികളില്‍ ഒരാള്‍ പറയുന്നത്. ഒരിടത്തില്‍ കെട്ടികിടക്കാതെ തുറന്ന വിഹായസ്സില്‍ എന്നും പാറി പറന്നുള്ള ജീവിതം, സ്വാതന്ത്രം,സംഗീതം. അത് തന്നെയായിരിക്കും ജിപ്സി ജീവിതങ്ങളും.
സ്വാതന്ത്രം,സംഗീതം ഇത് രണ്ടും തന്നെയാണ് കോര്‍കോറോ എന്ന ചിത്രത്തിന്റെ സത്ത. കോര്‍കോറോവിലെ സ്വതന്ത്രമായ വെള്ളം എപ്രകാരമാണോ കെട്ടഴിച്ചു വിട്ട് ഒഴുകി കൊണ്ടിരിക്കുന്നത് അതിന്റെ മറ്റൊരു രൂപമാണ് ഗാറ്റ്ലിഫിന്റെ തന്നെ ജാം(Djam) എന്ന ചിത്രം. ജാം എന്ന കേന്ദ്ര കഥാപാത്രത്തിന്റെ യാത്രയും അവളുടെ സംഗീതവും എല്ലാം ചേരുന്ന മറ്റൊരു സിനിമ. ഇവിടെ സ്വാതന്ത്രം എന്നത് തന്നെയാണ് ജാം എന്ന പെണ്‍കുട്ടി.സിനിമയില്‍ ആദ്യ രംഗത്ത് വേലിക്കെട്ടുകള്‍ക്ക് അരികിലൂടെ തുറന്നുവിട്ട വെള്ളം കണക്കെ ഒഴുകുന്ന ജാം.സ്വയം നൃത്തമായി മാറുന്ന ജാം. അങ്ങനെയൊരു രംഗത്തിലൂടെയാണ് ഈ ഗാറ്റ്ലിഫ് ചിത്രത്തിന്റെ തുടക്കം തന്നെ.
Djam
ഈ ആദ്യ രംഗം മുതല്‍ തന്നെ വല്ലാത്ത മാന്ത്രികത അനുഭവപ്പെടുന്ന ചിത്രമാണ് ടോണി ഗാറ്റ്ലിഫിന്റെ ജാം. കോര്‍കോറോയിലെ വെള്ളത്തെ പറ്റി എഴുതിയത് പോലും ജാമിനെ വിശേഷിപ്പിക്കാന്‍ വേണ്ടിയാണ്. പലയിടങ്ങളില്‍ ഒഴുക്ക് തടസ്സപ്പെടുമ്പോളും ഒരു ചാല്‍ അവിടെയും കണ്ടെത്തി ഒഴുകുന്ന അവളെ വിശേഷിപ്പിക്കാന്‍ മറ്റൊന്ന് കൊണ്ടും സാധിച്ചെന്ന് വരില്ല. ആദ്യ രംഗം മുതല്‍ തന്നെ മറ്റേതൊരു ഗാറ്റ്‌ലിഫ് ചിത്രത്തേയും പോലെ സംഗീതവും സ്വാതന്ത്രവും ചേര്‍ന്ന അനുഭൂതിയാണ് ജാം സമ്മാനിക്കുന്നത്. നമ്മള്‍ തന്നെ പലപ്പോളും അവളാകാന്‍ കൊതിച്ചു പോകും സ്വതന്ത്രമായി പറന്നുള്ള ജീവിതം,മറ്റുള്ളവര്‍ക്ക് പുഞ്ചിരി മാത്രം സമ്മാനിക്കുന്ന, എന്നാല്‍ സ്വാതന്ത്രത്തേയും സംഗീതത്തേയും റദ്ദ് ചെയ്യുന്നവരെ തുറന്നെതിര്‍ക്കാന്‍ കരുത്തുള്ള ജാം.
Djam
ചിത്രത്തില്‍ പല രംഗങ്ങളിലും സ്വാതന്ത്രം എന്നത് തന്നെയാണ് അവള്‍ എന്ന് വിളിച്ചു പറയുന്നുണ്ട്. ഒപ്പം റെബാറ്റികോ സംഗീതത്തിന്റെ വശ്യത ചിത്രത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ നമ്മോടൊപ്പമുള്ളപ്പോള്‍ നമ്മളും അവളായി മാറുക എന്നത് മാത്രമെ ബാക്കിയാവുന്നുള്ളു.
ഗ്രീസിലെ ലസ്‌ബോസ് എന്ന ദ്വീപ് പ്രദേശത്താണ് കഥ വികസിക്കുന്നത്. സിറിയന്‍ അഭയാര്‍ഥി പ്രവാഹവും ഗ്രീസിന്റെ സാമ്പത്തിക തകര്‍ച്ചയുമെല്ലാമാണ് ചിത്രത്തിന്റെ പശ്ചാത്തലം. തന്റെ രണ്ടാനച്ഛന്റെ ഒപ്പമാണ് ജാം താമസിക്കുന്നത്. യാതൊരുവിധമായ അച്ചടക്കവുമില്ലാത്ത സ്വതന്ത്രയായ, സംഗീതത്തെ ജീവനെ പോലെ പ്രേമിക്കുന്ന പെണ്‍കുട്ടി.അവളെ സംബന്ധിച്ച് അയാള്‍ രണ്ടാനച്ഛനല്ല. അവള്‍ അയാളെ വിളിക്കുന്നത് അങ്കിള്‍ എന്നാണ്. രണ്ടുപേരും നല്ല സുഹ്രുത്തുക്കള്‍ കൂടിയാണ്.
ഗ്രീസില്‍ കടക്കെണിയിലാണ് അയാള്‍. ഏറെ നാളായി തീരത്ത് വെറുതെ നില്‍ക്കുന്ന ബോട്ട് നേരെയാക്കണം. അതിന് പക്ഷേ സാധനങ്ങള്‍ തുര്‍ക്കിയില്‍ നിന്നും വാങ്ങണം. കടക്കാരും മറ്റ് പ്രശ്നങ്ങളും ഉള്ളതിനാല്‍ തന്നെ അയാള്‍ക്ക് ഗ്രീസ് വിട്ട് നില്‍ക്കാനും സാധിക്കില്ല. പകരം ജാമിനോട് ആ ജോലി ഏറ്റെടുക്കാന്‍ അയാള്‍ പറയുന്നു. തുര്‍ക്കിയിലേക്ക് പോകുമ്പോള്‍ നിന്റെ ഈ കുറുമ്പ് കൊണ്ടുപോകരുത് എന്നാണ് ജാമിനോട് അയാളുടെ ഉപദേശം. മാന്യമായി വസ്ത്രം ധരിക്കണം, ഒരു ഇരുമ്പ് റോഡ് ആണ് തുര്‍ക്കിയില്‍ നിന്നും പണിയിച്ച് കൊണ്ട് വരേണ്ടത് അത് മറക്കാതെ എത്തിക്കണം.എന്നും അയാള്‍ പറയുന്നു.
സിനിമയുടെ അടുത്ത രംഗം തുര്‍ക്കിയിലാണ്. ഒരു കഫേ,ചുറ്റും സംഗീതം നൃത്തം അവളേയും നമ്മള്‍ കാണുന്നു. ആ ആളുകള്‍ക്കൊപ്പം അവളുമുണ്ട്.നൃത്തം ചെയ്യുന്നു.ഒരു ബെല്ലി ഡാന്‍സ്. അവളുടെ രണ്ടാനച്ഛന്റെ ഉപദേശവും കേട്ട് കൊണ്ടുള്ള അടുത്ത രംഗമാണത്. തുര്‍ക്കിയിലെത്തി ഒരു ഇരുമ്പ് ദണ്ഡ് കാരണം ബാഗിന് ഭാരക്കൂടുതലാണെന്ന് പറഞ്ഞ് അത് വഴിയില്‍ ഉപേക്ഷിക്കുന്ന ജാമിനെയും പിന്നീട് അത് തന്റെ രണ്ടാനച്ഛന്‍ വാങ്ങാനേല്‍പ്പിച്ച റോഡാണ് എന്ന ഓര്‍മയില്‍ തിരികെ പോകുന്ന ജാമിനെയും ചിത്രത്തില്‍ കാണം. ഇത്തരത്തില്‍ സൂക്ഷ്മമായ ഒട്ടേറെ രംഗങ്ങള്‍ കൊണ്ട് സിനിമ അവളെ വരഞ്ഞിട്ടിരിക്കുന്നു.
സത്യത്തില്‍ സ്വാതന്ത്രം, എന്നതിന്റെ വേറെ രൂപമാണവള്‍ എന്ന് ആദ്യ രംഗങ്ങളില്‍ തന്നെ പറഞ്ഞുകൊണ്ടുള്ള ജാമിനോടൊപ്പമുള്ള യാത്രയാണ് ടോണി ജാറ്റ്ലിഫിന്റെ ജാം എന്ന ചിത്രം. വഴിയില്‍ തന്റെ വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ട അവ്റില്‍ എന്ന പെണ്‍കുട്ടി കൂടെ ജാമിന്റെ കൂടെ ചേരുമ്പോള്‍ സിനിമ ഒരു ട്രാവല്‍ മൂവി എന്നതിനോടൊപ്പം ഗ്രീസിന്റെയും തുര്‍ക്കിയുടെയും പഴയകാലത്തിലേക്കും നിലവിലെ സാമ്പത്തിക തകര്‍ച്ച ഇല്ലാതാക്കിയ ജീവിതങ്ങളിലേക്കും സിറിയന്‍ അഭയാര്‍ത്ഥികളിലേക്കുമെല്ലാം നീങ്ങുന്നു.
ഇതിനോടൊപ്പം ഇഴചേര്‍ന്ന് പോകുന്ന സംഗീതവും കൂടി ചേരുമ്പോള്‍ ഒരു മാന്ത്രിക അനുഭവമാണ് ചിത്രം നല്‍കുന്നത്.ഒന്നര മണിക്കൂറില്‍ അനുഭവിച്ചറിയേണ്ട ടോണി ഗാറ്റ്ലിഫ് വിസ്മയം.