‘കോ’ മലയാളത്തിനും പറഞ്ഞുതരുന്നത് എന്താണ്?

Webdunia
ശനി, 30 ജൂലൈ 2011 (19:41 IST)
PRO
തമിഴകത്ത് ‘കോ’ സമീപകാലത്തെ ഏറ്റവും വലിയ ഹരമായി. ഈ വര്‍ഷം തമിഴില്‍ ഇത്രയും മികച്ച മറ്റൊരു എന്‍റര്‍ടെയ്നര്‍ ഉണ്ടായില്ല. കെ വി ആനന്ദ് സംവിധാനം ചെയ്ത് ജീവ നായകനായ ‘കോ’ ശനിയാഴ്ച വിജയകരമായ പ്രദര്‍ശനത്തിന്‍റെ 100 ദിനം തികച്ചു. ഈ സിനിമയുടെ തിരക്കഥ പഠനവിഷയമാക്കണമെന്നാണ് തമിഴ് സിനിമാലോകത്തെ പ്രമുഖര്‍ ആവശ്യപ്പെടുന്നത്.

ഒരു കൊമേഴ്സ്യല്‍ സിനിമയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും ചേര്‍ത്ത് വളരെ ബ്രില്യന്‍റായി തയ്യാറാക്കിയ തിരക്കഥയായിരുന്നു ‘കോ’യുടേത്. മികച്ച ആക്ഷന്‍ രംഗങ്ങള്‍, ഹൃദയസ്പര്‍ശിയായ പ്രണയം, ട്രയാംഗിള്‍ ലവ്, സസ്പെന്‍സ് നിറഞ്ഞു നില്‍ക്കുന്ന മുഹൂര്‍ത്തങ്ങള്‍, വളരെ സ്പീഡിലുള്ള കഥ പറച്ചില്‍, അപ്രതീക്ഷിതമായ ക്ലൈമാക്സ് ട്വിസ്റ്റ്, മനോഹരമായ ഗാനങ്ങള്‍ തുടങ്ങിയവയാണ് ‘കോ’യുടെ വിജയം യാഥാര്‍ത്ഥ്യമാക്കിയത്.

ഒരു പ്രസ് ഫോട്ടോഗ്രാഫറുടെ സാഹസികവും സംഘര്‍ഷഭരിതവുമായ ഔദ്യോഗിക ജീവിതമാണ് ‘കോ’യുടെ പ്രമേയം. ഈ ഒരൊറ്റച്ചിത്രത്തോടെ ജീവ തമിഴത്ത് സൂപ്പര്‍താര പരിവേഷത്തിലേക്ക് ഉയരുകയാണ്. നല്ല തിരക്കഥയും, സംവിധായകരുമാണ് സൂപ്പര്‍താരങ്ങളെ സൃഷ്ടിക്കുന്നത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കോ.

ചില ഇംഗ്ലീഷ് സിനിമകളുമായി ‘കോ’യ്ക്ക് സാദൃശ്യം തോന്നാം. എന്നാല്‍ പ്രചോദനമായി സ്വീകരിക്കപ്പെട്ടിട്ടുള്ള ഇംഗ്ലീഷ് ചിത്രങ്ങളെപ്പോലും മറികടക്കുന്ന മേക്കിംഗ് സ്റ്റൈലും കഥയില്‍ വരുത്തിയ പ്രാദേശികവത്കരണവുമെല്ലാം ‘കോ’യെ തീര്‍ത്തും ‘ഒറിജിനല്‍’ ആക്കി മാറ്റുന്നു. ഇംഗ്ലീഷ് സിനിമ അതേപടി കോപ്പിയടിച്ച് ആളാകുന്ന സിനിമാക്കാരെല്ലാം കോ കാണണം, അതിന്‍റെ തിരക്കഥാ രചനാരീതി പഠനവിധേയമാക്കണം.

കഥകള്‍ വളരെ കുറച്ചേയുള്ളൂ. അത് പറയുന്ന രീതിയാണ് പ്രധാനം. കോ വ്യക്തമാക്കിത്തരുന്നതും അതാണ്. ‘ശുഭ’ എന്ന ഇരട്ട തിരക്കഥാകൃത്തുക്കള്‍ ‘കോ’യിലൂടെ സാധ്യമാക്കിയ മികവ് മലയാളത്തിലെ ചലച്ചിത്രകാരന്‍‌മാര്‍ക്കും പാഠമാണ്. ഒരു മികച്ച കൊമേഴ്സ്യല്‍ ചിത്രം എങ്ങനെയായിരിക്കണം എന്ന് ഈ സിനിമ മലയാളി സിനിമാക്കാരെയും ഓര്‍മ്മിപ്പിക്കുന്നു.