ഭര്‍ത്താക്കന്‍മാര്‍ക്ക് പിന്നാലെ ഭാര്യമാരും ഗോവയിലെത്തുന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുന്നു. പിന്നീട് ഇവരുടെ എലിയും പൂച്ചയും കളിയാണ് സിനിമയുടെ പ്രമേയം. ആദ്യത്തെ 45 മിനിറ്റ് അതീവ രസകരമായാണ് കഥ മുന്നോട്ടുപോകുന്നത്. അതിന് ശേഷം ഓരോ സീനിലും കോമഡി കുത്തിക്കയറ്റാനുള്ള ശ്രമത്തില്‍ കഥയുടെ ഗ്രിപ്പ് നഷ്ടപ്പെടുന്നു. രണ്ടാം പകുതിയൊക്കെ തട്ടിക്കൂട്ടാണ്. പിന്നെ, ഏത് ചെറിയ കുട്ടിക്കും പ്രവചിക്കാവുന്ന ഒരു ക്ലൈമാക്സും. എങ്കിലും ഇടയ്ക്കിടയ്ക്ക് നല്ല ചിരി ഉണര്‍ത്തുന്ന രംഗങ്ങളുടെ സാന്നിധ്യം സിനിമയെ രക്ഷിച്ചെടുക്കുന്നുണ്ട്.
ജയസൂര്യയും ഇന്ദ്രജിത്തും ലാലുമാണ് ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ലാല്‍ ആദ്യം കുറച്ച് ഓവറാണെങ്കിലും പിന്നീട് ട്രാക്കിലേക്ക് വീഴുകയും തന്‍റെ കഥാപാത്രത്തെ രസകരമാക്കി മാറ്റുകയും ചെയ്തു. നായകന്‍മാരില്‍ ആസിഫ് അലിക്കാണ് ഇന്‍ട്രൊഡക്ഷനില്‍ ഏറ്റവും നല്ല കയ്യടി കിട്ടിയത്. എന്നാല്‍ മറ്റുള്ളവരുടെയത്രയും ശോഭിക്കാന്‍ ആസിഫിന് കഴിഞ്ഞില്ല. ആസിഫിന്‍റെ ചില രംഗങ്ങളിലും ക്ലൈമാക്സിലും ചിത്രത്തിന് കൂവല്‍ കിട്ടുകയും ചെയ്തു.
‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന ചിത്രത്തില്‍ ഇന്നസെന്‍റ് അവതരിപ്പിക്കുന്ന ടി ടി ഇ നാടാരെ ഓര്‍മ്മയുണ്ടോ? അതേ കഥാപാത്രമായി ഇന്നസെന്‍റ് ഹസ്ബന്‍ഡ്സ് ഇന്‍ ഗോവയിലുമുണ്ട്. അയാള്‍ ടോണി കുരിശിങ്കലിനെയും മമ്മൂട്ടിയെയുമൊക്കെ പൊക്കിപ്പറയുന്ന രംഗങ്ങളില്‍ തിയേറ്ററുകളില്‍ നിറഞ്ഞ കൈയടിയായിരുന്നു. ആ സിനിമയിലെ വിഷ്വലുകള്‍ കാണിക്കുകയും ചെയ്യുന്നുണ്ട്.
‘നമ്പര്‍ 20 മദ്രാസ് മെയില്‍’ ഗാനമായ "പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം..” ഈ ചിത്രത്തില്‍ റീമിക്സ് ചെയ്ത് അവതരിപ്പിച്ചിരിക്കുന്നു. ആ ഗാനരംഗവും തിയേറ്ററില്‍ നല്ല ഓളമുണ്ടാക്കുന്നുണ്ട്.
അടുത്ത പേജില്‍ -
മേക്കിംഗ് ഓഫ് എച്ച്ഐജി
കൃഷ്ണ പൂജപ്പുര തിരക്കഥയെഴുതിയ ചില സിനിമകള്‍ കണ്ട് തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ തോന്നിയിട്ടുണ്ട്. സകുടുംബം ശ്യാമള, കുഞ്ഞളിയന്‍ തുടങ്ങിയവ ഉദാഹരണം. എന്നാല്‍ അദ്ദേഹത്തിന്‍റെ തന്നെ ‘ജനപ്രിയന്‍’ എന്ന ചിത്രം ആസ്വദിച്ച് കണ്ടിട്ടുമുണ്ട്. ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ അദ്ദേഹത്തിന്‍റെ ഭേദപ്പെട്ട ഒരു വര്‍ക്കാണ്. ഡയലോഗുകളൊക്കെ ചിരിയുണര്‍ത്തുന്നതാണ്.
ചിത്രത്തിലെ നായികമാരൊന്നും ശരാശരി പ്രകടനത്തിനുമേല്‍ ഉയര്‍ന്നില്ല. റിമ കല്ലിങ്കലിനു പോലും കഥാപാത്രത്തോട് നീതിപുലര്‍ത്താനായില്ല. എന്നാല്‍ ചിത്രം മൊത്തമായി സൃഷ്ടിക്കുന്ന ഒരു ആരവത്തില്‍ അതെല്ലാം മുങ്ങിപ്പോകുകയാണ്.
വളരെ കളര്‍ഫുളായാണ് ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ ചിത്രീകരിച്ചിരിക്കുന്നത്. അനില്‍ നായരാണ് ഛായാഗ്രഹണം. എം ജി ശ്രീകുമാര്‍ ഈണമിട്ട ഗാനങ്ങള്‍ മോശമായില്ല.
സിനിമയുടെ അവസാനം മേക്കിംഗ് ഓഫ് എച്ച് ഐ ജി കാണിക്കുന്നുണ്ട്. അത് ത്രില്ലിംഗായ ഒരു അനുഭവമായിരുന്നു.