ബോഡിഗാര്‍ഡ്: ഒരു ശരാശരി സിനിമ!

Webdunia
ശനി, 23 ജനുവരി 2010 (19:08 IST)
PRO
സിനിമ കാണുന്നത് കഴിഞ്ഞ ഒരു മാസമായി ഞാന്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കണ്ണിന് ഒരു ചെറിയ ഓപ്പറേഷന്‍. ഡോക്ടര്‍ പറഞ്ഞത് രണ്ടുമാസത്തേക്ക് ടി വി പോലും കാണരുതെന്നാണ്. പിന്നല്ലേ തിയേറ്ററില്‍ പോയി സിനിമ കാണല്‍! എന്തായാലും കുറെ സിനിമകള്‍ അതുകാരണം മിസ് ചെയ്തു. ഇവിടം സ്വര്‍ഗമാണ്, ചട്ടമ്പിനാട്, അവതാര്‍, ത്രീ ഇഡിയറ്റ്സ് - ഇവയൊന്നും കാണാനായില്ല.

സിദ്ദിഖിന്‍റെ ‘ബോഡിഗാര്‍ഡ്’ എന്ന സിനിമ കുറേക്കാലമായി ഞാന്‍ കാത്തിരുന്ന ഒന്നാണ്. 23ന് റിലീസ് ഉണ്ടാകുമെന്ന് അറിയിച്ചപ്പോള്‍ മനസ് അസ്വസ്ഥമായി. വല്ലാത്ത ശ്വാസം മുട്ടല്‍. സിനിമ കാണാനാകില്ലെന്ന തോന്നല്‍ വേദനിപ്പിച്ചു. ഒരു തടവറയില്‍ അടയ്ക്കപ്പെട്ടതുപോലെ തോന്നി. എന്തായാലും ഇനി ഇങ്ങനെ തുടരാന്‍ കഴിയില്ല. ഒരു ഉറച്ച തീരുമാനമെടുത്തു. കണ്ണിന്‍റെ വയ്യായ്ക കാര്യമാക്കുന്നില്ല. ബോഡിഗാര്‍ഡ് കാണുക തന്നെ.

എന്തായാലും ആദ്യ ഷോ തന്നെ ചിത്രം കണ്ടു. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ കണ്ണുകളില്‍ വല്ലാത്തൊരു മൂടല്‍ പോലെ, മനസിലും. ഇതാണോ സിദ്ദിഖ് വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടന്ന സിനിമ? ഈ സിനിമയ്ക്കായാണോ നയന്‍‌താര മലയാളത്തിനു വേണ്ടി തന്‍റെ വിലപ്പെട്ട ദിനങ്ങള്‍ നീക്കിവച്ചത്? എന്തായാലും, ദിലീപിന് സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അബദ്ധങ്ങള്‍ സംഭവിക്കുന്നത് തുടരുകയാണ്. ഘോഷിക്കപ്പെട്ടതുപോലെ ബോഡിഗാര്‍ഡ് ഒരു മികച്ച അനുഭവമല്ല, ഒരു തരത്തിലും.

സിദ്ദിഖ് - ലാല്‍ ചിത്രങ്ങള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടതായതിന് കാരണങ്ങള്‍ പലതാണ്. കണ്ണീരിന്‍റെ നനവുള്ള, നന്‍‌മയുള്ള ചിരിയായിരുന്നു അവയുടെ മുഖമുദ്ര. ഹിറ്റ്ലറിന് ശേഷം സിദ്ദിഖ് നഷ്ടപ്പെടുത്തിയതും ആ സിദ്ധിയാണ്. സ്ലാപ്സ്റ്റിക് കോമഡികള്‍ ഒരു പരിധി വിട്ടാല്‍ അലര്‍ജിയാകും. ബോഡിഗാര്‍ഡിലൂടെ സിദ്ദിഖ് ഇത്തരം അലര്‍ജി പരത്തുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ‘പറക്കും തളിക’ ഈ ചിത്രത്തെ അപേക്ഷിച്ച് എത്ര ഭേദമാണെന്ന് തോന്നിപ്പോകും.

മണ്ണില്‍ ചവിട്ടി നിന്ന് തമാശകള്‍ പറയുമ്പോഴാണ് പ്രേക്ഷകന് അത് ഹൃദയം കൊണ്ട് അനുഭവിക്കാനാവുക. ബോഡിഗാര്‍ഡിന്‍റെ കഥയോ നായകന്‍റെ പ്രശ്നങ്ങളോ ഒന്നും പ്രേക്ഷകനെ ബാധിക്കാതെ പോകുന്നു. കാരണം, യാഥാര്‍ത്ഥ്യവുമായുള്ള അകലം തന്നെ. ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സാഹസികരെയും ഗുണ്ടകളെയുമൊക്കെയാണ് പണ്ടുതൊട്ടേ കക്ഷിക്ക് പ്രിയം. അതു തന്നെയാണ് അശോകന്‍(ത്യാഗരാജന്‍) എന്നയാളുടെ ബോഡിഗാര്‍ഡാകാനുള്ള തീരുമാനത്തിനു പിന്നിലും.

അശോകന്‍റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ചുമതല അയാളുടെ മകളെ സംരക്ഷിക്കാന്‍ കൂടിയുള്ളതായിരുന്നു. അമ്മു(നയന്‍താര)വിന്‍റെ കോളജില്‍ ജയകൃഷ്ണനും ചേരുകയാണ്. ഹരിശ്രീ അശോകനും ദിലീപും ചേര്‍ന്നുള്ള തമാശകള്‍ക്ക് പക്ഷേ തിയേറ്ററുകളില്‍ ഓളം സൃഷ്ടിക്കാന്‍ കഴിയുന്നില്ല. ഭാര്യയെ അശോകന്‍ തട്ടിയെടുക്കുമോ എന്നു ഭയന്ന് അശോകന്‍റെ വീട്ടില്‍ ചേക്കേറുന്ന കുക്കായി ഹരിശ്രീ അശോകന്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നുണ്ടെങ്കിലും സിനിമയുടെ പോക്കിലെ മൊത്തത്തിലുള്ള പാളിച്ച എല്ലാവരുടെ പ്രകടനത്തെയും ദോഷകരമായി ബാധിച്ചു.

വെറുമൊരു കണ്ണീര്‍ കഥാപാത്രമായി പലപ്പോഴും നയന്‍‌താരയുടെ അമ്മു തരം‌താഴുമ്പോള്‍ തിയേറ്ററില്‍ പ്രേക്ഷകര്‍ കൂവിയാര്‍ക്കുകയാണ്. രണ്ടാം പകുതിയിലെ ട്വിസ്റ്റുകളും ക്ലൈമാക്സും ശരാശരി നിലവാരം പോലും പുലര്‍ത്തുന്നില്ല. ഈ സിനിമയ്ക്കു വേണ്ടി കാത്തിരുന്നവരെ അങ്ങേയറ്റം നിരാശരാക്കുകയാണ് സിദ്ദിഖ്.

ഗാനങ്ങളും നൃത്തച്ചുവടുകളും ഭേദമാണ്. സാക്ഷാല്‍ പ്രഭുദേവയാണ് രണ്ടു പാട്ടുകള്‍ക്ക് കോറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. “അരികത്തായാരോ പാടുന്നില്ലേ...” എന്ന ഗാനം മികച്ചു നില്‍ക്കുന്നു. ആ ഗാനരംഗത്തിലെ ദിലീപിന്‍റെ കോമഡിരംഗങ്ങള്‍ക്ക് തിയേറ്ററില്‍ കയ്യടി ലഭിക്കുന്നു.

ഈ സിനിമയാണ് ഇനി തമിഴിലേക്ക് വിജയ് റീമേക്ക് ചെയ്യാന്‍ ആലോചിക്കുന്നതെന്നു കേള്‍ക്കുന്നു. മലയാളത്തിലെ ദിലീപിന്‍റെ അവസ്ഥ തന്നെയാണ് വിജയ്‌ക്ക് ഇപ്പോള്‍ തമിഴിലുള്ളത്. ആപത്ഘട്ടത്തില്‍ മനുഷ്യര്‍ എങ്ങനെയൊക്കെ ചിന്തിക്കുന്നു? എന്തായാലും മലയാളത്തില്‍ ഉണ്ടായിരിക്കുന്ന കുഴപ്പങ്ങള്‍ പരിഹരിച്ച് ഒരു ഭേദപ്പെട്ട ഹിറ്റെങ്കിലും വിജയ്‌ക്ക് സമ്മാനിക്കാന്‍ സിദ്ദിഖിന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.