ബാല്യകാലസഖി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

Webdunia
ശനി, 8 ഫെബ്രുവരി 2014 (18:22 IST)
ഒടുവില്‍ മജീദ് മന്ത്രിച്ചു: 'സുഹ്‌റാ...'

ഭൂതകാലത്തിന്‍റെ ഹൃദയത്തില്‍ നിന്നെന്നോണം അവള്‍ വിളികേട്ടു: 'ഓ'

' എന്താ ഇത്രക്കും ക്ഷീണിച്ചത്?'

സുഹ്‌റ അതിന് ഉത്തരം പറഞ്ഞില്ല.

' ഞാന്‍ മിനിഞ്ഞാന്നാ അറിഞ്ഞത് വന്ന വിവരം'

തെല്ല് പരിഭവത്തോടെ മജീദ് ചോദിച്ചു: 'ഞാന്‍ ഒരിക്കലും തിരിച്ചുവരില്ലെന്നാണ് കരുതിയത് അല്ലേ?'

' എല്ലാവരും അങ്ങിനെ വിചാരിച്ചു. ഞാന്‍... എനിക്ക് ഉറപ്പുണ്ടായിരുന്നു. തിരിച്ചുവരുമെന്ന്.'

' എന്നിട്ടുപിന്നെ?'

' അവര്‍ എല്ലാം നിശ്ചയിച്ചു. എന്‍റെ സമ്മതം ആരും ചോദിച്ചില്ല."

PRO
നെഞ്ചില്‍ കൊളുത്തിവലിച്ച ആ പ്രണയകഥ സ്ക്രീനില്‍ കാണുമ്പോള്‍ എന്ത് വികാരമാണ് ഉള്ളില്‍ നിറഞ്ഞത്? ഈ ചിത്രം ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. പ്രമോദ് പയ്യന്നൂരിന്‍റെ ബാല്യകാലസഖിയല്ല. ശശികുമാറിന്‍റെ കാഴ്ചപ്പാടിലുള്ളത്. പ്രേം‌നസീറായിരുന്നു അന്ന് മജീദ്. അതില്‍ നിന്നും മമ്മൂട്ടി മജീദായതിലേക്കുള്ള ദൂരം വലുതാണ്. താരതമ്യപ്പെടുത്താന്‍ തുനിയുന്നില്ല. നസീര്‍ നസീറും മമ്മൂട്ടി മമ്മൂട്ടിയുമാണ്.

ഒരു വാചകത്തില്‍ പറയാമല്ലോ - ‘ബാല്യകാലസഖി’ ഞാന്‍ വായിച്ചപ്പോള്‍ എനിക്കുണ്ടായ വികാരവിക്ഷോഭങ്ങള്‍, അതിന്‍റെ തീവ്രത ഒട്ടും ചോര്‍ന്നുപോകാതെ വീണ്ടും അനുഭവിക്കാനായി. പ്രമോദ് പയ്യന്നൂര്‍ എന്ന നാടകപ്രവര്‍ത്തകന് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലെങ്കിലും, ആ ചലച്ചിത്രകാരനെ എല്ലാവരും ഒന്ന് നോക്കിക്കൊള്ളുക. പ്രമോദ് മലയാള സിനിമയ്ക്ക് കരുത്തുള്ള ഒരു സാന്നിധ്യമാകുമെന്ന് ഉറപ്പ്.

അടുത്ത പേജില്‍ - ഒരു മനുഷ്യജീവിതത്തിന്‍റെ ഇരുണ്ട ഏടുകള്‍

PRO
ബഷീറിന്‍റെ കൃതിയെ ആധാരമാക്കുന്നുണ്ടെങ്കിലും അതിനുമപ്പുറത്തുള്ള കാര്യങ്ങള്‍ ഈ സിനിമയുടെ ഭാഗമാണ്. എനിക്ക് ഏറ്റവും ആകര്‍ഷകമായി തോന്നിയതും കൊല്‍ക്കത്തയിലെ രംഗങ്ങള്‍ തന്നെ. മജീദ് എന്ന മനുഷ്യന്‍റെ ജീവിതത്തിന്‍റെ ഏകാന്തതയും സംഘര്‍ഷങ്ങളും ധ്വനിപ്പിക്കുന്നതായി ഓരോ രംഗങ്ങളും. പാലത്തില്‍ നിന്നുള്ള വീഴ്ചയില്‍ തനിക്ക് കാല്‍ നഷ്ടമായി എന്ന് തിരിച്ചറിയപ്പെടുന്ന രംഗത്തില്‍ മജീദിന്‍റെ വേദന പ്രേക്ഷകരും അനുഭവിച്ചുപോകുന്നുണ്ട്.

ബഷീറിന് അല്ലെങ്കില്‍ ദസ്തയേവ്‌സികിക്ക് മാത്രം എഴുതാന്‍ കഴിയുന്ന കഥയാണ് ബാല്യകാലസഖി എന്നാണ് എനിക്ക് തോന്നുന്നത്. ഒരു മനുഷ്യജീവിതത്തിന്‍റെ ഇരുണ്ട വശങ്ങളിലൂടെ ഇങ്ങനെ കൈപിടിച്ചുനടത്താന്‍ കഴിയുക മറ്റാര്‍ക്കാണ്? പ്രമോദ് പയ്യന്നൂരിന് ആ ജീവിതത്തെ സ്ക്രീനിലേക്ക് ആവാഹിക്കാന്‍ കഴിഞ്ഞു. അതിന് അദ്ദേഹം നടത്തിയ തയ്യാറെടുപ്പുകളെ എത്ര ശ്ലാഘിച്ചാലാണ് മതിയാവുക?

പഴയ കൊല്‍ക്കത്തയെ കാണാന്‍ വേണ്ടിമാത്രം ഈ സിനിമ കാണാം എന്നാണ് എനിക്ക് തോന്നുന്നത്. ആ ഓര്‍മ്മ, സംസ്കാരം, ജീവിതം എല്ലാം എത്ര ഉജ്ജ്വലമായാണ് പകര്‍ത്തിയിരിക്കുന്നത്! ബാല്യകാലസഖി പഴയ കൊല്‍ക്കത്തയെ സ്നേഹിക്കുന്നവര്‍ക്ക് ആനന്ദം പകരുന്ന കാഴ്ച തന്നെ.

അടുത്ത പേജില്‍ - താമരപ്പൂങ്കാവനത്തില്‍...

PRO
സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കൊല്‍ക്കത്തയിലെ നഗരത്തില്‍ മജീദ് അലഞ്ഞത് ഒരു ജോലി തേടിയായിരുന്നു. അവന് രക്ഷയാകുന്നത് ഒരു ഹിജഡയും(സീമ ബിശ്വാസ്). ഒരു മുസ്ലിം സ്വാതന്ത്ര്യസമര സേനാനി(ശശികുമാര്‍)യുടെ അടുത്ത് മജീദിനെ എത്തിച്ചു അവര്‍. അയാള്‍ക്ക് ജോലി കിട്ടി. പുസ്തകവിതരണം. മജീദിന്‍റെ ഓര്‍മ്മകള്‍ പറന്നുതുടങ്ങുന്നത് അവരുടെ ഇടയിലാണ്. അത് സുഹ്‌റ എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഓര്‍മ്മ കൂടിയാണ്.

സുന്നത്ത് കല്യാണവും കാതുകുത്തും ‘താമരപ്പൂങ്കാവനത്തില്‍...’ എന്ന ഗാനവുമെല്ലാം പ്രേക്ഷകരെ വല്ലാതെ വശീകരിക്കുന്ന കാഴ്ചകള്‍. ഇമ്മിണി ബല്യ ഒന്നിന്‍റെ കഥയും പുഴ ഒന്നാകുന്ന ഉദാഹരണവുമെല്ലാം കോരിത്തരിപ്പോടെയേ കണ്ടിരിക്കാനാവൂ.

രക്തം ചാലിച്ച പ്രണയമായിരുന്നു മജീദ് - സുഹ്‌റമാരുടേത്. എന്നാല്‍ വിധി അവരെ വേര്‍പിരിച്ചു. ജീവിതത്തിന്‍റെ വിവിധ പരീക്ഷണ ഘട്ടങ്ങളിലൂടെ അവരെ കൈപിടിച്ചു നടത്തി. ഒരു പ്രണയകഥയുടെ തീവ്രാവിഷ്കാരം എന്ന നിലയില്‍ ബാല്യകാലസഖി സമ്പൂര്‍ണ വിജയമാണ്. ഓരോ ഫ്രെയിമിലും സംവിധായകനൊപ്പം ആ അദൃശ്യനായ സൂഫിയുടെ കയ്യൊപ്പും നമുക്ക് അനുഭവിക്കാനാകുന്നു.

അടുത്ത പേജില്‍ - മമ്മൂട്ടി എന്ന മഹാനടന്‍!

PRO
മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്ന സിനിമയാണ് ബാല്യകാലസഖി. ബഷീറിന്‍റെ കൃതി മജീദിന്‍റെയും സുഹ്‌റയുടെയും കഥയായിരുന്നെങ്കില്‍ ഈ സിനിമയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് മജീദിന്‍റെ ജീവിതത്തിനാണ്. അവന് പ്രണയം പോലെ തന്നെ ജീവിതത്തിന്‍റെ അതിജീവനവും പ്രശ്നമാണ്. അതിഗംഭീരമായിത്തന്നെ മമ്മൂട്ടി മജീദായി മാറിയിട്ടുണ്ട്. ഒപ്പം മജീദിന്‍റെ ബാപ്പയായും മമ്മൂട്ടി വിസ്മയിപ്പിക്കുന്നു.

ഹരിനായരുടെ ക്യാമറയാണ് ഈ സിനിമയുടെ ജീവന്‍. ബഷീര്‍ കഥാപാത്രങ്ങളുടെ ജീവിതവും പശ്ചാത്തലവും എത്ര മിഴിവോടെയാണ് അദ്ദേഹം പകര്‍ത്തിയിരിക്കുന്നത്! പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ് സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്ന വേറൊരു ഘടകം. കലാസംവിധാനമികവും എടുത്തുപറയേണ്ടതാണ്.

തന്‍റെ ആദ്യസംവിധാന സംരംഭം തന്നെ മനോഹരമാക്കിയ പ്രമോദ് പയ്യന്നൂരിന്‍റെ അധ്വാനത്തിന് സല്യൂട്ട് നല്‍കുന്നു. വര്‍ഷങ്ങള്‍ ചെലവഴിച്ച് ഈ കൃതിയെ ഗംഭീരമാക്കി പകര്‍ത്തിയെടുക്കാന്‍ പ്രമോദിന് കഴിഞ്ഞു. ഏവരും കാണേണ്ട ഒരു ഒന്നാന്തരം സിനിമയാണ് ബാല്യകാലസഖി. സമീപകാലത്ത് മമ്മൂട്ടി എന്ന നടനില്‍ നിന്ന് മലയാളത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച സിനിമയും.

ഒടുവിലായി പറയാനുള്ളത്: സച്ചിന്‍ ടെന്‍ഡുല്‍ക്കറെപ്പോലെയാണ് മമ്മൂട്ടി. എപ്പോഴാ‍ണ് ഒരു മിന്നുന്ന പ്രകടനം ഉണ്ടാവുകയെന്ന് പ്രവചിക്കുക അസാധ്യം. പൊന്നിന്‍ മൂല്യമുള്ള ഒരു പകര്‍ന്നാട്ടത്തിലൂടെ മമ്മൂട്ടി വീണ്ടും മലയാള സിനിമയുടെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ കസേരയിട്ടിരുന്നുകഴിഞ്ഞു!

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്