എത്രയും വേഗം കാണുക, ഇത് പുതിയ അനുഭവം

Webdunia
വെള്ളി, 26 ഫെബ്രുവരി 2010 (21:29 IST)
PRO
ഇത് തമിഴ് സിനിമയുടെ പുതിയ മുഖം, വി ടി വി(വിണ്ണൈ താണ്ടി വരുവായാ). ആദ്യം തന്നെ പറയാം, ഒരിക്കലും ഈ സിനിമ മിസ് ആക്കരുത്. അങ്ങനെ ചെയ്താല്‍, സിനിമ ആസ്വദിക്കുന്ന ഒരാള്‍ക്ക് അതാവും ഏറ്റവും വലിയ നഷ്ടം. ഇങ്ങനെ ഒരു സിനിമ തമിഴില്‍ ഉണ്ടായിട്ടില്ല. മണിരത്നത്തിന്‍റെ ‘അലൈ പായുതേ’യേക്കാള്‍ രണ്ടു മടങ്ങ് മേലെ നില്‍ക്കുന്ന സിനിമയാണിത്. ഇതില്‍ കൂടുതല്‍ എന്തുറപ്പു വേണം?

ക്വാളിറ്റി സിനിമ എന്ന കണ്‍സെപ്റ്റ് ഗൌതം വാസുദേവ് മേനോന് ആദ്യ ചിത്രം മുതല്‍ ഉണ്ട്. ‘വിണ്ണൈ താണ്ടി വരുവായാ’ എന്ന ഡെസ്റ്റിനേഷനിലേക്കുള്ള യാത്ര ഗൌതം തുടങ്ങിയത് മിന്നലൈയില്‍ ആണ്. മിന്നലൈയുടെ ഒരു എക്സ്റ്റന്‍ഷനാണ് ഈ ചിത്രം എന്നു പറയാം. ‘ഗൌതം, നിങ്ങള്‍ ഒരു അത്ഭുത സിനിമ ഉണ്ടാക്കിയിരിക്കുന്നു’ എന്ന് ആഹ്ലാദം പ്രകടിപ്പിച്ചാണ് ഞാന്‍ തിയേറ്റര്‍ വിട്ടത്.

ഗൌതം ചിത്രത്തില്‍ കഥ ഒരു പ്രധാന ഘടകമല്ല. കഥയുടെ ട്രീറ്റ്മെന്‍റാണ് മുഖ്യം. ‘വാരണം ആയിര’ത്തിന്‍റെ വിജയവും അതു തന്നെയായിരുന്നു. ഈ ചിത്രത്തില്‍ കുറേക്കൂടി സക്സസായി ഗൌതം അത് നിര്‍വഹിക്കുന്നു. വിണ്ണൈ താണ്ടി വരുവായാ ആകര്‍ഷകമാകുന്നതിന് ഘടകങ്ങള്‍ ഏറെയാണ്. ചിലമ്പരശനും ത്രിഷയും തമ്മിലുള്ള എക്സലന്‍റ്‌ കെമിസ്ട്രി. ഗൌതം മേനോന്‍റെ അസാധാരണമായ ആഖ്യാന വൈഭവം. മനോജ് പരമഹംസയുടെ മികച്ച ഛായാഗ്രഹണം. എ ആര്‍ റഹ്‌മാന്‍റെ സ്വീറ്റ് സംഗീതവും അതിന്‍റെ തകര്‍പ്പന്‍ പിക്ചറൈസേഷനും.

സിനിമാ സഹസംവിധായകനായ കാര്‍ത്തിക്(ചിമ്പു) ആണ് കഥയിലെ നായകന്‍. ഐടി പ്രൊഫഷണലായ മലയാളി ക്രിസ്ത്യന്‍ പെണ്‍കുട്ടി ജെസി(ത്രിഷ) നായിക. വലിയ സിനിമാ സംവിധായകനാകുകയാണ് കാര്‍ത്തിക്കിന്‍റെ സ്വപ്നം. എന്നാല്‍ മറ്റൊരു സ്വപ്നമായി ജെസി അവന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. പിന്നീട്, ജെസിയുടെ പ്രണയം സമ്പാദിക്കുകയായി കാര്‍ത്തിക്കിന്‍റെ ലക്‍ഷ്യം. തന്‍റെ മറ്റെല്ലാ നേട്ടങ്ങളും അതിനുവേണ്ടി ത്യജിക്കാന്‍ അവന്‍ തയ്യാറാണ്. ഒരു യാഥാര്‍ത്ഥ്യം പറയട്ടെ, ഇത്രയും നന്നായി മലയാള ഭാഷയെ ഉപയോഗിച്ച ഒരു തമിഴ് സിനിമ ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ഗൌതം ഒരു മലയാളിയാണെന്നതിന്‍റെ ഗുണം. അവളുടെ പ്രണയം ലഭിച്ചെങ്കിലും ആ ബന്ധത്തിന് ജെസിയുടെ വീട്ടുകാര്‍ക്ക് സമ്മതമായിരുന്നില്ല. സംഘര്‍ഷം അവിടെ ആരംഭിക്കുന്നു.

വളരെ ഡയറക്ട് ആയി ഒരു പ്രണയകഥ പറയുകയാണ് സംവിധായകന്‍. അവിടെ വളവുതിരിവുകളോ ഫ്ലാഷ്ബാക്ക് മസാലകളോ ഇല്ല. കാര്‍ത്തിക്കും ജെസിയും തമ്മിലുള്ള ഗാഢപ്രണയത്തെ അതിന്‍റെ എല്ലാ തീവ്രതയോടും കൂടി പ്രേക്ഷകരിലെത്തിക്കുന്നു. ജെസി ചിരിക്കുമ്പോള്‍ പ്രേക്ഷകര്‍ ചിരിക്കുന്നു. കാര്‍ത്തിക്കിന്‍റെ കണ്ണുനിറയുമ്പോള്‍ പ്രേക്ഷകരുടെ ഹൃദയം മുറിയുന്നു. കണ്ണുകളിലൂടെ പ്രണയം കൈമാറുന്ന പഴയകാലം തിരിച്ചുവന്നിരിക്കുന്നു ഈ ചിത്രത്തിലൂടെ. നൊസ്റ്റാള്‍ജിയയുടെ വിങ്ങല്‍ അനുഭവിച്ചു തന്നെ ചിത്രം കണ്ടുതീര്‍ക്കാം.

“ഹോസന്നാ...”, “ആരോമലേ...” എന്നീ ഗാനങ്ങള്‍ ഹൃദ്യമാണ്. മനോജ് പരമഹംസയുടെ ഛായാഗ്രഹണവും കളര്‍ കോമ്പിനേഷനും ക്ലാസ് എന്നുതന്നെ പറയണം. കലാസംവിധായകന്‍ രാജീവന്‍ ദൃശ്യങ്ങളെ സമ്പന്നമാക്കുന്നതില്‍ ഏറെ പങ്കുവഹിച്ചു. എഡിറ്റിംഗ്(എഡിറ്റര്‍ - ആന്‍റണി) കഥാകഥന രീതിക്ക് അനുയോജ്യം.
PRO


ചിലമ്പരശനും ത്രിഷയും തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ക്കാണ് ജീവന്‍ നല്‍കിയത്. അഭിനേതാക്കള്‍ കഥാപാത്രങ്ങളോട് ഇത്രയും താദാത്മ്യം പ്രാപിക്കുന്നത് അപൂര്‍വമായ കാഴ്ചയാണ്. ഏറെക്കാലം പ്രേക്ഷകമനസില്‍ കൂടുകൂട്ടാന്‍ ശക്തിയുള്ള ഒരു സിനിമയാണ് വിണ്ണൈ താണ്ടി വരുവായാ. തമിഴ് സിനിമാലോകത്ത് ഒരു വിപ്ലവം തന്നെ കുറിച്ചേക്കാം ഈ പ്രണയഗാഥ. ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു - Don't Miss it.