ഒരു കല്യാണമാണ് ഈ സിനിമയുടെ പ്രമേയം. കല്യാണവിശേഷങ്ങള്‍ എത്രയോ സിനിമയ്ക്ക് വിഷയമായിരിക്കുന്നു. ഇവിടെയും അതൊക്കെ തന്നെ. ഒരുകൂട്ടര്‍ കല്യാണം നടത്താന്‍ ഗ്രാമത്തില്‍ നിന്ന് ബസില്‍ നഗരത്തിലേക്ക്. മറ്റൊരു കൂട്ടര്‍ കല്യാണം മുടക്കാനും. കണ്‍ഫ്യൂഷനും കെട്ടിമറിയലും കൂട്ടത്തല്ലും ഒക്കെയായി കാണികളുടെ ക്ഷമയെ പരീക്ഷിക്കുകയാണ് സംവിധായകന്‍.
സ്വാഭാവികനര്‍മം എന്നത് ലളിതവും കഥയോട് ചേര്‍ന്നിരിക്കുന്നതുമാകണം. ഇവിടെ ജയറാമിനെക്കൊണ്ട് അപ‘ഹാസ്യം’ ചെയ്യിച്ച് വശംകെടുത്തുകയാണ് സംവിധായകന്‍. ചാക്യാര്‍ കൂത്തിന് പോകാന്‍ ധൃതിപിടിച്ച് ഓടിവരുന്ന അരവിന്ദന്‍(ജയറാം) വഞ്ചിക്കോലില്‍ തൂങ്ങിനില്‍ക്കുന്നതും മറ്റും എത്ര സിനിമകളില്‍ ആവര്‍ത്തിച്ച കോമഡിയാണ്! നവാഗത സംവിധായകരുടെ ചിത്രം കാണാന്‍ തിയേറ്ററിലെത്തുന്നത് പുതുമയുള്ള എന്തെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ്. അത്തരം മിഥ്യാധാരണകളോടെയുള്ള തിയേറ്ററില്‍ പോക്ക് ഇതോടെ നിര്‍ത്തി.
ഗ്രാമത്തിന്‍റെ വിശുദ്ധി മനസിലാക്കിത്തരാന്‍(ഇങ്ങനെയൊരു ഗ്രാമം ഈ സിനിമയിലേ ഉണ്ടാകൂ) ഗ്രാമീണരെല്ലാം മണ്ടന്‍മാരാണെന്ന് കാണിക്കുകയല്ല വേണ്ടത്. അത്തരം കോമാളിക്കഥാപാത്രങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുണ്ട് ഈ സിനിമയില്‍. നഗരത്തെക്കുറിച്ചായാലോ? കൊച്ചിയൊക്കെ വളരെ കുഴപ്പം പിടിച്ച സ്ഥലമാണുപോലും. സിറ്റി പൊലീസ് കമ്മീഷണറെ തട്ടിക്കൊണ്ടുപോകലും ബോംബ് സ്ഫോടനം പ്ലാന്‍ ചെയ്യലും. സിനിമയെന്ന പേരില്‍ എന്തൊക്കെ കാണണം പാവം പ്രേക്ഷകര്‍?
അടുത്ത പേജില്‍ -
ആശ്വാസമാകുന്ന രണ്ട് കാര്യങ്ങള്‍
വിരസമായ കോമാളിരംഗങ്ങള്‍ കണ്ട് വീര്‍പ്പുമുട്ടുന്ന പ്രേക്ഷകര്‍ക്ക് ആശ്വാസമാകുന്ന രണ്ട് കാര്യങ്ങളുണ്ട് ഈ സിനിമയില്‍. ഒന്ന് മീശയില്ലാത്ത ജയറാം. രണ്ട് അതീവ സുന്ദരിയായ ഭാവന. തനിക്കുകിട്ടിയ ചാക്യാര്‍ കഥാപാത്രത്തെ ജയറാം ഭംഗിയാക്കിയിട്ടുണ്ട്. രൂപം കൊണ്ടുതന്നെ ഒരു ഫ്രഷ്നെസ്സ് ജയറാം സൃഷ്ടിച്ചു. അശ്വതി എന്ന കഥാപാത്രമായി ഭാവനയുടെ പ്രകടനവും മനോഹരം. പക്ഷേ അവിയല്‍ പരുവത്തിലുള്ള കഥയ്ക്കിടയില്‍ ഇവരുടെ അഭിനയമികവിനെന്ത് പ്രസക്തി?
ജഗതി, മണിയന്‍പിള്ള രാജു, കോട്ടയം നസീര്‍, മാമുക്കോയ തുടങ്ങി ഒട്ടേറെ താരങ്ങളുണ്ട് ചിത്രത്തില്‍. ജഗതി ഒരു നൂറു സിനിമകളിലെങ്കിലും മുമ്പ് ചെയ്തിട്ടുള്ള വേഷത്തെ ഇവിടെ ആവര്‍ത്തിച്ചിരിക്കുകയാണ്. നായകന് തന്‍റെ മകളെ വിവാഹം കഴിപ്പിച്ചുകൊടുക്കാന്‍ കച്ചകെട്ടിയിറങ്ങിയ അമ്മാവന്‍ വേഷമാണ് അദ്ദേഹത്തിന്. ഇതൊക്കെക്കണ്ട്, പണം കൊടുത്ത് ടിക്കറ്റ് വാങ്ങിയ പ്രേക്ഷകര്‍ പാതിവച്ച് ഇറങ്ങിപ്പോകാതിരിക്കാന്‍ പരമാവധി ശ്രമം നടത്തുന്നുണ്ട്. ശബ്ദകോലാഹലം കാരണം ഉറങ്ങാനും കഴിയില്ലല്ലോ.
സംവിധായകന്‍റെ തിരക്കഥയ്ക്ക് തോമസ് തോപ്പില്‍ക്കുടിയാണ് സംഭാഷണം രചിച്ചിരിക്കുന്നത്. എല്ലാ ഡയലോഗുകളിലും പരമാവധി കോമഡി ജനറേറ്റ് ചെയ്യാന്‍ എഴുത്തുകാരന്‍ ശ്രമിച്ചിട്ടുണ്ട്! മുരളി രാമന്‍റെ ഛായാഗ്രഹണം കൊള്ളാം. എന്നാല്‍ ബിജിപാല്‍ ഈണമിട്ട ഗാനങ്ങള്‍ സിനിമയെപ്പോലെ തന്നെ നിലവാരം കുറഞ്ഞതായി.