മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് ‘മാമാങ്കം’ എന്ന് പേരിട്ടു. പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ചാവേര്‍ പോരാട്ടത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്.
നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ 12 വര്‍ഷമായി ഈ സിനിമയുടെ തിരക്കഥാ രചനയിലായിരുന്നു സജീവ്.
പൃഥ്വിരാജിനെ നായകനാക്കി ആര് എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്ണന്’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. മാമാങ്കത്തിന്റെ ബജറ്റ് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഈ സിനിമയ്ക്ക് അമ്പതുകോടിക്ക് മേല്‍ ബജറ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാമാങ്കം നിര്‍മ്മിക്കുന്നതിന്റെ ആദ്യവിവരങ്ങള്‍ വരുന്ന വേളയിലും വേണു കുന്നപ്പള്ളിയുടെ ‘കര്ണന്’ സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ആ സിനിമയുടെ പുതിയ വിവരങ്ങള്‍ ആര് എസ് വിമലോ പൃഥ്വിരാജോ വെളിപ്പെടുത്തിയിട്ടില്ല.
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടാണ് മാമാങ്കം. അന്താരാഷ്ട്ര തലത്തിലുള്ള പ്രശസ്തരായ സാങ്കേതിക വിദഗ്ധരാണ് മാമാങ്കത്തിനൊപ്പം സഹകരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ടാകും.
നേരത്തേ, ‘മാമാങ്കം’ എന്ന ടൈറ്റിലില്‍ നവോദയയുടെ ഒരു സിനിമ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. വള്ളുവനാട്ടിലെ പോരാളികളുടെ പോരാട്ടത്തിന്റെ കഥ പറയുന്ന മാമാങ്കം മലയാള സിനിമയെയും അടുത്ത തലത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.