ഇത് രാജന്‍ സക്കറിയയാണ്, ഭരത്ചന്ദ്രനോ നരിയോ അല്ല!

Webdunia
തിങ്കള്‍, 13 ജൂണ്‍ 2016 (18:12 IST)
മലയാള സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കസബ’. മമ്മൂട്ടി ആരാധകര്‍ പ്രത്യേകിച്ചും. അവരുടെ പ്രതീക്ഷ വളരെ വലുതാണ്. ഒരുപക്ഷേ, മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരിക്കും കസബ എന്നാണ് അവരുടെ വിശ്വാസം.
 
എന്നാല്‍ ഈ സിനിമയുടെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കരാണെന്നും അല്ലാതെ രണ്‍ജി പണിക്കരല്ലെന്നും ഏവരും ഓര്‍ക്കണമെന്നണ് അണിയറ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്. അതായത് ഭരത് ചന്ദ്രനെയോ നരിയെയോ ഒന്നും പ്രതീക്ഷിച്ച് രാജന്‍ സക്കറിയയെ കാണാന്‍ എത്തരുത് എന്നര്‍ത്ഥം.
 
കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രം രാജന്‍ സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. സത്യസന്ധനും അഴിമതിക്കെതിരെ പോരാടുന്നവനും കടിച്ചാല്‍ പൊട്ടാത്ത ഡയലോഗ് പറയുന്നവനുമൊന്നുമല്ല രാജന്‍ സക്കറിയ. അത്യാവശ്യം തരികിടകളും തമാശകളുമെല്ലാമുള്ള കഥാപാത്രമാണത്. രാജമാണിക്യം പോലെ പ്രേക്ഷകര്‍ക്ക് ആഘോഷിക്കാന്‍ വകയുള്ള കഥാപാത്രം.
 
നായികയായി അഭിനയിക്കുന്നത് വരലക്ഷ്മി ശരത്കുമാറാണ്. കമല എന്നാണ് കഥാപാത്രത്തിന്‍റെ പേര്. പ്രശസ്ത തെന്നിന്ത്യന്‍ താരം സമ്പത്താണ് ചിത്രത്തിലെ വില്ലന്‍.
Next Article