പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങുകയാണ്. തിരുവോണ ദിനത്തിലായിരുന്നു സിനിമയിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നത്.തിരുവിതാംകൂര്‍ മഹാരാജാവായി വേഷമിടുന്ന അനൂപ് മേനോന്റെ പോസ്റ്റര്‍ ആയിരുന്നു പുറത്തുവന്നിരുന്നത്. ഇപ്പോഴിതാ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്ററും സംവിധായകന്‍ വിനയന്‍ പുറത്തു വിട്ടു. സുദേവ് നായര്‍ അവതരിപ്പിക്കുന്ന കഥാപാത്രം പടവീടന്‍ നമ്പിയെ ആണ് പോസ്റ്ററില്‍ കാണാനായത്. തിരുവാതാംകൂര്‍ സേനയിലെ രണ്ടാം പടനായകനാണ് പടവീടന്‍ നമ്പി
വിനയന്റെ വാക്കുകളിലേക്ക്
'പത്തൊന്‍പതാം നൂറ്റാണ്ടി'ന്റെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യുകയാണ്.സുദേവ് നായര്‍ അവതരിപ്പിക്കുന്ന കഥാപാത്രം പടവീടന്‍ നമ്പി തിരുവാതാംകൂര്‍ സേനയിലെ രണ്ടാം പടനായകനാണ്. തന്റെ അധികാരത്തിന്റെ ഗര്‍വ്വ് സാധാരണക്കാരന്റെ പുറത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ചില ഉദ്യോഗസ്ഥരുടെ താന്‍പ്രമാണിത്വം ഏതു കാലഘട്ടത്തിലും ഉള്ളതാണല്ലോ? തീണ്ടലും തൊടീലും ഒക്കെ നില നിന്നിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യ കാലത്ത് ജീവിച്ച അത്തരം ഒരു പട്ടാള മേധാവി ആയിരുന്നു പടവീടന്‍ നമ്പി. പക്ഷേ അയാളുടെ അഹങ്കാരത്തെയും ഔദ്യോഗിക ഗര്‍വ്വിനേയും തെല്ലു പോലും കൂസാതെ എതിരിട്ടു നിന്ന താണ ജാതിയില്‍ പെട്ട ഒരു പോരാളി അന്നുണ്ടായിരുന്നു.അതാണ് ആറാട്ടു പുഴ വേലായുധപ്പണിക്കര്‍. അധികാരത്തിന്റെ ശക്തികൊണ്ടും അസാമാന്യ കായികബലം കൊണ്ടും ആരോടും ആജ്ഞാപിച്ചു മാത്രം ശീലിച്ച ഒരു അസാധാരണ വ്യക്തി ആയിരുന്നു പടവീടന്‍ നമ്പി..നമ്പിയും വേലായുധനും തമ്മില്‍ ഏറ്റു മുട്ടിയപ്പോഴൊക്കെ ഒരു യുദ്ധകാഹളം അന്നാട്ടില്‍ മുഴങ്ങിയിരുന്നു.
സുദേവ് അതിമനോഹരമാക്കിയിരിക്കുന്നു പടവീടന്‍ നമ്പിയേ.'- വിനയന്‍ കുറിച്ചു.