മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാനുള്ള ഓട്ടത്തിലാണ് മോഹൻലാൽ ചിത്രമായ തുടരും. തിയേറ്ററിൽ വിജയകുതിപ്പ് തുടരുന്ന തുടരുമിന്റെ വിജയാഘോഷങ്ങൾ തീരുന്നതിന് മുമ്പ് തരുൺ പങ്കുവച്ച തൻ്റെ പുതിയ ചിത്രത്തിൻ്റെ പോസ്റ്ററാണ് ഇപ്പോൾ സിനിമാപ്രേമികൾക്ക് പ്രതീക്ഷ നൽകുന്നത്. ടോർപിഡോ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമാ പ്രേമികളെ ഞെട്ടിച്ചുകൊണ്ടുള്ള വമ്പൻ പ്രഖ്യാപനമായിരുന്നു ഇത്.
പുതിയ സിനിമ പ്രഖ്യാപിച്ചതോടെ എന്താണ് ടോർപിഡോ എന്നായി സിനിമാ പ്രേമികളുടെ ചർച്ച. പുതിയ പേരിന് പിന്നിലെന്താണ് എന്നാണ് പലരുടെയും സംശയം. കപ്പലുകളെയോ അന്തർവാഹിനികളെയോ ആക്രമിച്ച് കേടുവരുത്തുകയോ നശിപ്പിക്കുകയോ ചെയ്യാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്വയം പ്രവർത്തിക്കുന്ന അണ്ടർവാട്ടർ മിസൈലാണ് ടോർപ്പിഡോ. അന്തർവാഹിനികൾ, കപ്പലുകൾ, വിമാനങ്ങൾ എന്നിവയുൾപ്പെടെ വിവിധയിടങ്ങളിൽ നിന്ന് ടോർപ്പിഡോകൾ വിക്ഷേപിക്കാൻ കഴിയും. നാവിക യുദ്ധത്തിൽ ടോർപിഡോകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
മരവിപ്പിക്കുക അല്ലെങ്കിൽ പക്ഷാഘാതം വരുത്തുക എന്ന് അർഥം വരുന്ന ലാറ്റിൻ പദമായ ടോർപെരെയിൽ നിന്നാണ് ടോർപിഡോ എന്ന പദം ഉത്ഭവിച്ചത്. പതിനെട്ടാം നൂറ്റാണ്ടിൽ വൈദ്യുതാഘാതം ഏൽപ്പിച്ച് ഇരയെ മരവിപ്പിക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക് റേ ഫിഷിനെ വിശേഷിപ്പിക്കാൻ ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചിരുന്നത്. പിന്നീട് കപ്പലുകളെ പ്രവർത്തനരഹിതമാക്കാനും നശിപ്പിക്കാക്കാനും രൂപകൽപ്പന ചെയ്ത സ്ഫോടക വസ്തുക്കൾ എന്നർത്ഥം വരുന്ന നാവിക യുദ്ധത്തിന് ഈ പദം സ്വീകരിക്കുകയായിരുന്നു.
സിനിമയുടെ പോസ്റ്ററിൽ ഒരു വെടിയുണ്ട ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നത് കാണാനാകും. മാത്രമല്ല തിങ്ങി നിറഞ്ഞ വീടുകളും പോസ്റ്ററിൽ കാണാൻ സാധിക്കും. യാത്ര തുടരുന്നു, ടോർപിഡോ ഉപയോഗിച്ച് നമ്മൾ ആഴമേറിയ വെള്ളത്തിലേക്ക് മുങ്ങുന്നു എന്ന് കുറിച്ചുകൊണ്ടാണ് തരുൺ ഈ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
ഫഹദ് ഫാസിൽ, തമിഴ് നടൻ അർജുൻ ദാസ്, നസ്ലിൻ, ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. നടൻ ബിനു പപ്പുവാണ് തിരക്കഥ. സുഷിൻ ശ്യാം ഒരിടവേളയ്ക്ക് ശേഷം സംഗീത സംവിധായകനായി തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ടോർപിഡോയ്ക്കുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്നു.