നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ തിരുമുറ്റത്തേക്ക് പൃഥ്വിരാജ് എന്ന നടനെ കൈപിടിച്ച് ആനയിച്ചത് സംവിധായകന്‍ രഞ്ജിത് ആയിരുന്നു. ഇന്ത്യന്‍ റുപ്പി, തിരക്കഥ, അമ്മക്കിളിക്കൂട് തുടങ്ങിയ രഞ്ജിത് തിരക്കഥകളില്‍ പൃഥ്വിക്ക് മികച്ച കഥാപാത്രങ്ങളെ ലഭിക്കുകയും ചെയ്തു.
ഇപ്പോഴിതാ രഞ്ജിത്തും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. എന്നാല്‍ തിരക്കഥയോ സംവിധാനമോ അല്ല ഇത്തവണ അഭിനേതാവായാണ് രഞ്ജിത് എത്തുന്നതെന്ന് മാത്രം. പൃഥ്വിരാജിന്‍റെയും നസ്രിയയുടെയും പിതാവായി രഞ്ജിത് അഭിനയിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് അഞ്ജലി മേനോനാണ്.
സ്നേഹബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ പാര്‍വതിയാണ് പൃഥ്വിയുടെ നായിക. ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് അഭിനയിച്ച രഞ്ജിത് ചിത്രമായ ‘തിരക്കഥ’യില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ രഞ്ജിത് അവതരിപ്പിച്ചിട്ടുണ്ട്.
ഊട്ടിയാണ് പ്രധാന ലൊക്കേഷന്‍. ദുബായിലും ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ട്. രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.