ഇത് മമ്മൂട്ടിയുടെ ‘ബിഗ്ബി’യല്ല, മോഹന്‍ലാലിന്‍റെ ‘ബിഗ് ബ്രദര്‍’ !

ചൊവ്വ, 29 മെയ് 2018 (17:13 IST)
മലയാളത്തില്‍ ബിഗ് ബ്രദര്‍ എന്നതിന് മമ്മൂട്ടി എന്നാണ് അര്‍ത്ഥം. അത് ബിഗ് ബിയിലൂടെ നമ്മള്‍ കണ്ടതാണ്. വല്യേട്ടനിലൂടെ കണ്ടതാണ്. ഹിറ്റ്ലറിലൂടെ കണ്ടതാണ്. എന്നാല്‍ അതിനെയെല്ലാം മറികടക്കാന്‍ മോഹന്‍ലാല്‍ വരുന്നു.
 
മോഹന്‍ലാലിന്‍റെ പുതിയ ചിത്രത്തിന് പേര് ‘ബിഗ് ബ്രദര്‍’. പറയുന്നത് ഒരു വല്യേട്ടന്‍റെ കഥ തന്നെ. സംവിധാനം മമ്മൂട്ടിയെ ഹിറ്റ്‌ലറാക്കിയ സിദ്ദിക്ക്.
 
വലിയ ഇടവേളയ്ക്ക് ശേഷം സിദ്ദിക്കും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബ്രദറിന്‍റെ പ്രഖ്യാപനം ജൂണില്‍ ഉണ്ടാകും. ലൂസിഫറിന്‍റെ ചിത്രീകരണത്തിന് സമാന്തരമായി ബിഗ് ബ്രദറും ചിത്രീകരിക്കാനാണ് പരിപാടിയെന്നറിയുന്നു. മലയാളത്തിലെ പ്രമുഖ യുവതാരങ്ങളുടെ സാന്നിധ്യവും ഈ ചിത്രത്തിലുണ്ടാകും. 
 
ഇന്നസെന്‍റ്, ജനാര്‍ദ്ദനന്‍, കെ പി എ സി ലളിത, മുകേഷ് തുടങ്ങിയവരും ഈ പ്രൊജക്ടിന്‍റെ ഭാഗമാകുമെന്നാണ് അറിയുന്നത്. 
 
വിയറ്റ്‌നാം കോളനി, ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സിദ്ദിക്ക് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ ബിഗ് ബ്രദര്‍ ഏറെ പ്രതീക്ഷ നല്‍കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍