സാറാ ജോസഫിന്‍റെ ‘ആളോഹരി ആനന്ദം’ എന്ന നോവല്‍ സിനിമയാകുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തേ വന്നതാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നായിരുന്നു സൂചന. 49ആമത് സംസ്ഥാന ചലച്ചിത്ര അവാർഡ് കൂടി ശ്യാമ പ്രസാദ് സ്വന്തമാക്കുമ്പോൾ ഇനിയുള്ള പ്രൊജക്ടും ആ നിരയിലെക്ക് തന്നെയാകുമെന്നാണ് റിപ്പോർട്ട്.
അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലാണ് ശ്യാമപ്രസാദ് തന്റെ പുതിയ സിനിമയെക്കുറിച്ച് വ്യക്തമാക്കിയത്. ശ്യാമപ്രസാദിനോടൊപ്പം അഭിമുഖത്തില്‍ സംവിധായകന്‍ രഞ്ജിത്തും പങ്കെടുത്തിരുന്നു. മമ്മൂട്ടിയായിരിക്കും നായകനെന്ന് ശ്യാമപ്രസാദ് പറയുമ്പോള്‍ അദ്ദേഹം തന്നെയാണ് നായകനെന്നും ഇത്തരമൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞാല്‍ ഒരിക്കലും അദ്ദേഹം നിരസിക്കില്ലെന്നുമായിരുന്നു രഞ്ജിത്ത് സാക്ഷ്യപ്പെടുത്തിയത്.
ക്രിസ്ത്യന്‍ കുടുംബപശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ആളോഹരി ആനന്ദം മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ, ശ്യാമപ്രസാദിന്‍റെ അഭിരുചിക്കനുസരിച്ചുള്ള ഏറെ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നോവലാണ് ഇത്. ശ്യാമപ്രസാദും മമ്മൂട്ടിയും ഈ പ്രൊജക്ടിന്‍റെ ചര്‍ച്ചകള്‍ തുടരുകയാണ്. മമ്മൂട്ടി - ശ്യാമപ്രസാദ് ടീമിന്‍റെ ‘ഒരേ കടല്‍’ ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രമാണ്. ശ്യാമപ്രസാദിന്‍റെ മകന്‍ വിഷ്ണു ആണ് ‘ആളോഹരി ആനന്ദം’ നിര്‍മ്മിക്കുന്നത്.