സിനിമയിൽ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് ബറോസ്. ത്രി ഡി ആണ് ചിത്രം. ബറോസിന് തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിനം ചിത്രം തിയേറ്ററിൽ നിന്നും നേടിയത് 3.6 കോടിയായിരുന്നു. നാല് കോടിക്കു മുകളില്‍ ആദ്യദിന കളക്ഷന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രേക്ഷക പ്രതികരണങ്ങള്‍ ബോക്‌സ്ഓഫീസില്‍ തിരിച്ചടിയായി.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം ബറോസ് ആണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, അതിനും മുന്നേ മോഹൻലാലിലെ 'സംവിധായകനെ' മലയാളികൾ കണ്ടിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ്. അതും ഒരു സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ. സത്യൻ അന്തിക്കാടിന്റെ വരവേൽപ്പ് എന്ന ചിത്രത്തിലെ ഒരു ഫൈറ്റ് രംഗം മോഹൻലാൽ സംവിധാനം ചെയ്തതാണ്. ഇക്കാര്യം ഫാൻസിന് പോലും അറിവുണ്ടാകില്ല.
ഫൈറ്റ് സീൻ ഷൂട്ട് ചെയ്യേണ്ട ദിവസം ത്യാഗരാജൻ മാസ്റ്റർക്ക് ലൊക്കേഷനിലെത്താൻ കഴിഞ്ഞില്ല. സീൻ അന്ന് തന്നെ ഷൂട്ട് ചെയ്യുകയും വേണം. അങ്ങനെയാണ് മോഹൻലാൽ ആ ഫൈറ്റ് സീൻ സംവിധാനം ചെയ്തത്. ത്യാഗരാജൻ മാസ്റ്ററെ മനസ്സിൽ കണ്ടുകൊണ്ടായിരുന്നു താൻ ആ രംഗം ഷൂട്ട് ചെയ്തതെന്ന് മോഹൻലാൽ തന്നെ തുറന്നു പറഞ്ഞു.