'ഫാന്‍സും കൈവിട്ടോ'; തണുപ്പന്‍ പെര്‍ഫോമന്‍സുമായി ബറോസ്, കുട്ടികള്‍ക്കും ക്ലിക്കായില്ല !

രേണുക വേണു

വ്യാഴം, 26 ഡിസം‌ബര്‍ 2024 (16:52 IST)
Barroz - Mohanlal

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിട്ടും ബറോസ് ബോക്‌സ്ഓഫീസില്‍ കിതയ്ക്കുന്നു. സ്‌കൂള്‍ അവധി ദിനമായിട്ടും ഇന്ന് ബറോസിനു ബുക്കിങ് കുറവാണ്. കഴിഞ്ഞ ആഴ്ച തിയറ്ററുകളിലെത്തിയ റൈഫിള്‍ ക്ലബിനൊപ്പമാണ് ബറോസിന്റേയും അവസാന ഒരു മണിക്കൂറിലെ ബുക്ക് മൈ ഷോയിലെ ബുക്കിങ്. 
 
മോഹന്‍ലാല്‍ ഫാന്‍സ് പോലും ബറോസിനെ കൈയൊഴിഞ്ഞ ലക്ഷണമാണ്. ക്രിസ്മസ് ദിനമായ ഇന്നലെ 9.30 നാണ് കേരളത്തില്‍ ബറോസിന്റെ ആദ്യ ഷോ നടന്നത്. ഈ ഷോയ്ക്കു പോലും പല പ്രധാന തിയറ്ററുകളും ഹൗസ് ഫുള്‍ ആയിരുന്നില്ല. ആദ്യ ഷോയ്ക്കു പിന്നാലെ മോശം പ്രതികരണങ്ങള്‍ കൂടിയായപ്പോള്‍ തിയറ്ററിലേക്കുള്ള മോഹന്‍ലാല്‍ ആരാധകരുടെ തള്ളിക്കയറ്റം പൂര്‍ണമായി അവസാനിച്ചു. 
 
ആദ്യദിനമായ ഇന്നലെ 3.6 കോടിയാണ് ബറോസ് കളക്ട് ചെയ്തത്. നാല് കോടിക്കു മുകളില്‍ ആദ്യദിന കളക്ഷന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രേക്ഷക പ്രതികരണങ്ങള്‍ ബോക്‌സ്ഓഫീസില്‍ തിരിച്ചടിയായി. രണ്ടാം ദിനമായ ഇന്നത്തെ കളക്ഷന്‍ മൂന്ന് കോടിയില്‍ താഴെയാകുമെന്നാണ് പ്രാഥമിക കണക്കുകള്‍. നിലവിലെ ട്രെന്‍ഡ് അനുസരിച്ച് ബറോസ് ബോക്‌സ്ഓഫീസില്‍ പരാജയമാകാനാണ് സാധ്യത. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍