ബിഗ്ബി മലയാളത്തിലെ കള്‍ട്ട് ക്ലാസിക്കാണ്. ആ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വരുന്നു എന്നത് വലിയ ആവേശത്തോടെയാണ് പ്രേക്ഷകരും ‘ബിലാല്‍’ എന്ന കഥാപാത്രത്തിന്‍റെ ആരാധകരും കേട്ടത്. ‘ബിലാല്‍’ എന്നുതന്നെ ചിത്രത്തിന് പേരിട്ടതോടെ ആ ആവേശം കൂടുതല്‍ ത്രില്ലിലേക്ക് വഴിമാറി. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിലാല്‍ ഉടന്‍ സംഭവിക്കാന്‍ പോകുന്നു.
ഗോപി സുന്ദറാണ് ഈ സിനിമയ്ക്ക് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്. ബിഗ്ബിയിലെ തകര്‍പ്പന്‍ ബാക്ക്ഗ്രൌണ്ട് സ്കോര്‍ ഓര്‍മ്മയുള്ളവര്‍ ബിലാലിലേക്കുള്ള ഗോപി സുന്ദറിന്‍റെ വരവിനെ കയ്യടികളോടെ സ്വാഗതം ചെയ്യുമെന്നുറപ്പ്. മമ്മൂട്ടിയെ ബിഗ്ബിയില്‍ കണ്ടതിനേക്കാള്‍ സ്റ്റൈലിഷായാണ് പുതിയ സിനിമയില്‍ അവതരിപ്പിക്കുന്നത്.
2007ല്‍ പുറത്തിറങ്ങിയ ബിഗ്ബി തിയേറ്ററില്‍ അസാധാരണ വിജയം നേടിയ ചിത്രമൊന്നുമല്ല. പക്ഷേ പിന്നീടാണ് ഈ സിനിമ പ്രേക്ഷകര്‍ക്ക് ഒരു വികാരമായി മാറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ബിലാല്‍ എത്തുമ്പോള്‍ ഇത് ഒരു വമ്പന്‍ തിയേറ്റര്‍ വിജയം കൂടി പ്രതീക്ഷിക്കുന്നുണ്ട്.
ബിലാലിന്‍റെ മ്യൂസിക് ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. അമല്‍ നീരദിനൊപ്പം നില്‍ക്കുന്ന ഒരു സെല്‍ഫി ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അമല്‍ നീരദ് തന്നെയായിരിക്കും എന്നാണ് സൂചന. ബിഗ്‌ബിയുടെ ഛായാഗ്രാഹകന്‍ സമീര്‍ താഹിറായിരുന്നു.