ആടുജീവിതത്തിന് 2 വര്‍ഷത്തെ ചിത്രീകരണം, പൃഥ്വിരാജ് ഇതിനായി തടിക്കുകയും മെലിയുകയും ചെയ്യും; ബ്ലെസിയുടെ മാസ്റ്റര്‍പീസ് ഒരുങ്ങുന്നതിങ്ങനെ

Webdunia
ബുധന്‍, 27 ഡിസം‌ബര്‍ 2017 (15:22 IST)
ബെന്യാമിന്റെ 'ആടുജീവിത'ത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ 2018 ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ജോലി തേടി ഗള്‍ഫില്‍ എത്തി രക്ഷപെടാനുള്ള നജീബ് എന്ന ചെറുപ്പക്കാരന്റെ അതിജീവനത്തിന്റെ കഥയാണ് ആടുജീവിതം പറയുന്നത്. നജീബ് ആകുന്നത് പൃഥ്വിരാജാണ്. പൃഥ്വിയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. 
 
നജീബ് ആകുന്നതിനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വി. ഇതിനായി ആദ്യം തടിവയ്ക്കണം. നജീബ് ഗള്‍ഫിലേക്ക് പോകുന്നതിന് മുമ്പുള്ള രംഗങ്ങളാണ് ആദ്യം ചിത്രീകരിക്കുക. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞാല്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന സിനിമ ആരംഭിക്കും. അത് പൂര്‍ത്തിയായ ശേഷം മാത്രമേ ആടുജീവിതത്തിന്‍റെ ഗള്‍ഫ് ഷെഡ്യൂള്‍ തുടങ്ങുകയുള്ളൂ.
 
സിനിമയുടെ മികവിനായി ഏതു തരത്തിലുമുള്ള റിസ്ക്കുകള്‍ ഏറ്റെടുക്കുന്നയാളാണ് പൃഥ്വിരാജ്. ഈ സിനിമയുടെ അന്തിമ ഷെഡ്യൂളുകളിലേക്കായി ശരീരഭാരം ഏകദേശം 25 കിലോയോളം കുറയ്ക്കാനാണ് പൃഥ്വി തീരുമാനിച്ചിരിക്കുന്നത്.
 
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ഈ 3ഡി ചിത്രം നിര്‍മ്മിക്കുന്നത്. ഓസ്‌കര്‍ ജേതാവ് എ ആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയായിരിക്കും ആടുജീവിതം. യോദ്ധയ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന മലയാളചിത്രം. ലഗാനിലേതുപോലെയുള്ള ക്ലാസിക് ട്യൂണുകള്‍ ഈ ചിത്രത്തില്‍ പ്രതീക്ഷിക്കാം.
 
2014 ജനുവരിയില്‍ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം ബ്ലെസി ഒരു സിനിമ സംവിധാനം ചെയ്തിട്ടില്ല. ആടുജീവിതം എന്ന സ്വപ്നപദ്ധതിയുടെ തിരക്കഥാരചനയും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളുമായി വര്‍ഷങ്ങളോളം തിരക്കില്‍ തന്നെയായിരുന്നു ബ്ലെസി. എന്തായാലും ആ സ്വപ്നത്തിനാണ് ഫെബ്രുവരിയില്‍ തുടക്കം കുറിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article