‘ഹരീന്ദ്രന്‍ ഒരു ക്രൂരന്‍‍’

Webdunia
WDWD
തുടര്‍ച്ചയായി മലയാളി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നതിലാണ്‌ വിനയന്‌ ആനന്ദം. ‘ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍’ എന്ന അദ്ദേഹത്തിന്‍റെ പുതിയ ചിത്രത്തേക്കുറിച്ച് പുതുമ എന്ന പേരില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടല്‍ എന്നാണ് സത്യസന്ധമായി പറയാനാകുക. പ്രേക്ഷകര്‍ക്ക്‌ എന്താണ്‌ വേണ്ടത് എന്ന്‌ അറിയാത്ത സങ്കീര്‍ണതയില്‍ നിന്നാണ്‌ സംവിധായകന്‍റെ സിനിമ.

‘അറബിക്കഥ’യിലെ നായകന്‍റെ പ്രേതരൂപമുള്ള കമ്മ്യൂണിസ്റ്റ്‌ ബൂദ്ധിജീവിയെയും ഐ ടി തൊഴിലാളികളേയും യുവ പ്രേമത്തേയും ഒന്നിപ്പിക്കാനുള്ള വിനയന്‍റെ ശ്രമമാണ് ഇത്തവണ പൊളിഞ്ഞത്. ഒരു പക്ഷേ വിനയന്‍റെ പരാജിത ചിത്രങ്ങളില്‍ ക്ഷമയെ പരീക്ഷിക്കുന്ന ചിത്രവും ഇതു തന്നെയാകും. യുവ തലമുറയെ വച്ച് ആദ്യകാല ചിത്രങ്ങളില്‍ പെടുന്ന ശിപായി ലഹള പോലെ ഒരു തമാശക്കൂട്ട് ഉണ്ടാക്കാനുള്ള വിനയന്‍റേ ശ്രമം അമ്പേ പാളുന്നു.

പണക്കാരനായ യുവ ബിസിനസ്മാന്‍ ഹരീന്ദ്രവര്‍മ്മ (ഇന്ദ്രജിത്ത്‌) ഒരു നിഷ്കളങ്കനാണെന്നാണ്‌ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്‌. ഹരീന്ദ്രന്‍ കല്യാണം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്ന പെണ്ണ്‌ ഇന്ദു( ഭാമ) കല്യാണത്തിന്‌ തൊട്ട്‌ മുമ്പ്‌ കാമുകനോടൊപ്പം ചാടി പോകുന്നു. പണക്കാരിയായ ഇന്ദു അലക്സിന്‍റെ കാമുകിയാണ്‌. ഇവരുടെ പ്രണയം തളിരിടുന്നതും തകരുന്നതും വീണ്ടും ഒന്നിക്കുന്നതുമാണ്‌ സിനിമയുടെ പ്രമേയം.

ഹരീന്ദ്രന്‍റെ ബാല്യകാല സുഹൃത്തായ ജി കെ എന്ന കഥാപാത്രമാണ് ജയസൂര്യയുടേത്. ഗോപാല കൃഷ്ണന്‍റെ കാമുകി പൂജയായി തമിഴ്നടി ഷെറിനും എത്തുന്നു. മണിക്കുട്ടന്‍ അവതരിപ്പിക്കുന്ന ഒരു യുവ കമ്മ്യൂണിസ്റ്റ്‌ ബുദ്ധിജീവി ‘അറബിക്കഥ’യിലെ ശ്രീനിവാസന്‍റെ മറ്റൊരു രൂപത്തെ അനുസ്മരിപ്പിക്കുന്നു.

പൂജയുടെ പണക്കാരനായ അച്ഛനായി ജഗതിയും അലക്സിന്‍റെ സുഹൃത്തായ പത്രപ്രവര്‍ത്തകനായി സലിംകുമാറും ചെയ്യുന്ന കോമഡികള്‍ക്കു പോലും ചിത്രത്തെ രക്ഷിക്കാനാകുന്നില്ല. ജയസൂര്യ ചെയ്ത വേഷങ്ങള്‍ തന്ന ആവര്‍ത്തിച്ച്‌ പ്രേക്ഷകരെ ബോറടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഭാമക്ക്‌ പുതിയ സിനിമയില്‍ കാര്യമായ ഒന്നും ചെയ്യാനില്ല.

സിനിമയുടെ ഗാനങ്ങളെ കുറിച്ചോ സാങ്കേതിക വിഭാഗത്തെ കുറിച്ചോ പറയാതിരിക്കുന്നതാണ്‌ ഉത്തമം. കഴിവുള്ള യുവ താരങ്ങളെ കൊണ്ട്‌ ആത്മാവില്ലാത്ത വേഷം കെട്ടിച്ചതാണ്‌ വിനയന്‍റെ ക്രൂരത. വിനയന്‍ എന്ന സംവിധായകന്‍ ഒരു ക്രൂരനാണെന്ന്‌ മനസിലാക്കണമെങ്കില്‍ ‘ഹരീന്ദ്രന്‍ ഒരു നിഷ്ക്കളങ്കന്‍’ എന്ന അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം കണ്ടാല്‍ മതി.