‘വിശ്വരൂപം 2’ അതിന്‍റെ അവസാന ഘട്ട ചിത്രീകരണത്തിലാണ്. കമല്‍ഹാസന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയിലും കമല്‍ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ചെന്നൈ ഷെഡ്യൂളില്‍ അഭിനയിക്കാന്‍ നടന്‍ രാഹുല്‍ ബോസ് ചെന്നൈയിലെത്തി. വിശ്വരൂപം ആദ്യഭാഗത്തിലെ സൂപ്പര്‍ വില്ലന്‍ കഥാപാത്രമായ കമാന്‍ഡര്‍ ഒമറിനെത്തന്നെയാണ് രണ്ടാം ഭാഗത്തിലും രാഹുല്‍ ബോസ് അവതരിപ്പിക്കുന്നത്.
പൊള്ളലേറ്റ രീതിയിലുള്ള മേക്കപ്പ് തന്നെയായിരിക്കും ഈ ചിത്രത്തിലും രാഹുല്‍ ബോസിനുള്ളത്. വിശ്വരൂപം രണ്ടാം ഭാഗത്തിന് മലയാളിയായ ഷാംദത്താണ് ക്യാമറ ചലിപ്പിക്കുന്നത്. ആദ്യഭാഗത്തില്‍ മലയാളി ക്യാമറാമാന്‍ സനു ജോണ്‍ വര്‍ഗീസായിരുന്നു ഛായാഗ്രഹണം.
ശങ്കര്‍ എഹ്സാന്‍ ലോയ്ക്ക് പകരം ജിബ്രാനാണ് വിശ്വരൂപം 2ന്‍റെ സംഗീതം ചെയ്യുന്നത്. കമലിനും രാഹുല്‍ ബോസിനും പുറമേ ആന്‍ഡ്രിയ, പൂജാ കുമാര്‍ എന്നിവര്‍ ഈ ചിത്രത്തിന്‍റെയും ഭാഗമാകുന്നു.