ഹിന്ദി പോക്കിരി റിലീസിന്

Webdunia
വ്യാഴം, 12 ഫെബ്രുവരി 2009 (11:12 IST)
IFMIFM
തെലുങ്കിലും തമിഴിലും മെഗാവിജയമായ സിനിമയാണ് പോക്കിരി. തെലുങ്കില്‍ പുരി ജഗന്നാഥ് സംവിധാനം ചെയ്ത് മഹേഷ് ബാബു സംവിധാനം ചെയ്ത ഈ സിനിമ തമിഴില്‍ പ്രഭുദേവയാണ് റീമേക്ക് ചെയ്തത്. സംവിധായകന്‍ എന്ന നിലയില്‍ പ്രഭുദേവയ്ക്ക് മേല്‍‌വിലാസമുണ്ടാക്കി കൊടുത്തത് ഈ ചിത്രമാണ്. വിജയ് നായകനായ തമിഴ് പോക്കിരി കേരളത്തില്‍ പോലും നൂറ്റമ്പത് ദിവസത്തിന് മേല്‍ ഓടിയ ചിത്രമാണ്.

ഇപ്പോഴിതാ, ഹിന്ദിയിലും പോക്കിരി തരംഗം സൃഷ്ടിക്കാനൊരുങ്ങുന്നു. പ്രഭുദേവ തന്നെയാണ് ഹിന്ദി പോക്കിരിയുടേയും സംവിധായകന്‍. ചിത്രത്തിന് പേര് ‘വാണ്ടഡ്: ഡെഡ് ആന്‍റ്‌ എലൈവ്’. സല്‍മാന്‍ ഖാനാണ് ചിത്രത്തിലെ നായകന്‍. തെലുങ്കില്‍ ഇല്യാനയും തമിഴില്‍ അസിനും അവതരിപ്പിച്ച കഥാപാത്രത്തെ അയേഷ ടാക്കിയയാണ് ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്. ഏപ്രില്‍ മൂന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

നഗരത്തിലെ ഒരു ഗുണ്ടാസംഘത്തെ തകര്‍ക്കാന്‍ ശശാങ്ക് എന്ന യുവ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന ശ്രമങ്ങളാണ് വാണ്ടഡ്: ഡെഡ് ആന്‍റ്‌ എലൈവിന്‍റെ പ്രമേയം. ഒരു റൌഡിയായി ഗുണ്ടാ സംഘങ്ങളില്‍ ഒന്നില്‍ ഇടം നേടുന്ന ശശാങ്ക് ബുദ്ധിപരമായ നീക്കങ്ങളിലൂടെ അവരെ അമര്‍ച്ച ചെയ്യുന്നു.

ബോണി കപൂറാണ് വാണ്ടഡ്: ഡെഡ് ആന്‍റ്‌ എലൈവ് നിര്‍മ്മിക്കുന്നത്. നീരവ് ഷായാണ് ഈ സിനിമയുടെ ഛായാഗ്രഹണം. ബില്ല, സര്‍വം, അറിന്തും അറിയാമലും, പട്ടിയല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം നീരവ് ഷാ ക്യാമറ ചെയ്യുന്ന ചിത്രമാണിത്. പൈസ വസൂല്‍ എന്ന ഹിന്ദി ചിത്രത്തിന്‍റെ ക്യാമറയും നീരവ് ഷായായിരുന്നു.

സാജിദ് - വാജിദ് ആണ് ഈ സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.