ലാല്‍ ജൂനിയര്‍ ആദ്യമായി സംവിധാനം ചെയ്ത ‘ഹണിബീ’ എന്ന ചിത്രം മൂന്ന് ദിവസം കൊണ്ട് ലാഭം നേടി ചരിത്രം സൃഷ്ടിക്കുന്നു. നിര്‍മ്മാതാവിന് ഈ സിനിമ കോടികളുടെ ലാഭം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എണ്‍പതോളം തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ഹണിബീ ഏഴ് ദിവസം കൊണ്ട് നാലേകാല്‍ കോടി രൂപയാണ് വാരിക്കൂട്ടിയത്. ന്യൂജനറേഷന്‍ സിനിമയാണെങ്കിലും ഭേദപ്പെട്ട കഥയും നല്ല കോമഡിയുമാണ് ചിത്രത്തിന് ഗുണമാകുന്നത്. ശ്രീനാഥ് ഭാസി, ബാബുരാജ് എന്നിവരുടെ തകര്‍പ്പന്‍ പ്രകടനം പ്രേക്ഷകരെ ചിരിപ്പിക്കുന്നു.
“പ്ലാന്‍ ചെയ്തതിലും അഞ്ച് ദിവസം മുമ്പേയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും വളരെ ഫാസ്റ്റായാണ് നടന്നത്. കഷ്ടപ്പെട്ടതിന്‍റെ ഗുണം പടം റിലീസായപ്പോള്‍ കിട്ടി. റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോല്‍ തന്നെ ഹണിബീയുടെ ബജറ്റ് കവറായി” - സംവിധായകന്‍ ലാല്‍ ജൂനിയര്‍ പറയുന്നു.
“പപ്പയും ഞങ്ങളെല്ലാവരും കൂടി ഒരു ഡിന്നറിന് പോയപ്പോള്‍ അവിടെവച്ച് ഡയറക്ടര്‍ ആഷിക് അബു ഒരു എലമെന്‍റ് പറഞ്ഞു. കേട്ടപ്പോള്‍ കൊള്ളാമെന്ന് തോന്നി. അത് അപ്പോള്‍ തന്നെ ഞാന്‍ പറയുകയും ചെയ്തു. ‘എന്നാല്‍ ഇത് നീ എടുത്തോ’ എന്ന് ആഷിക് അബു പറഞ്ഞു. ഇവിടെനിന്നാണ് ഹണിബീ ആരംഭിക്കുന്നത്. പിന്നീട് പൂര്‍ണമായൊരു കഥയുണ്ടാക്കി പപ്പയോട് പറഞ്ഞു. പപ്പയ്ക്ക് ഇഷ്ടപ്പെട്ടു. അതിന് ശേഷം തിരക്കഥയായി, സിനിമയായി” - ഒരു ചലച്ചിത്ര വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ലാല്‍ ജൂനിയര്‍ പറയുന്നു.