രൌദ്രം എന്ന രണ്‍ജി പണിക്കര്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വേഷമിട്ടെങ്കിലും സോന ഹൈഡന്‍ എന്ന ഗ്ലാമര്‍ ഗേള്‍ മലയാളികളെ വശീകരിച്ചില്ല. തനിക്ക് ഹോട്ട് വേഷങ്ങള്‍ മാത്രമല്ല, അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെയും അവതരിപ്പിക്കാനാകുമെന്ന് സോന തെളിയിച്ചെങ്കിലും മലയാള സിനിമാലോകം സോനയ്ക്ക് വലിയ അവസരങ്ങളൊന്നും നല്‍കിയില്ല.
അതേസമയം, തമിഴില്‍ സോനയ്ക്ക് മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചു. ഇടയ്ക്ക് സിനിമകള്‍ നിര്‍മ്മിക്കാനും സോന സമയം കണ്ടെത്തി. മലയാളത്തിലും തമിഴിലും അഭിനയിക്കുകയും സിനിമകള്‍ നിര്‍മ്മിക്കുകയുമൊക്കെ ചെയ്തെങ്കിലും ഒരു മോഹം സോനയ്ക്ക് ബാക്കി നിന്നിരുന്നു - മഹാനടന്‍ മോഹന്‍ലാലിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കുക !
സോനയുടെ ഈ ആഗ്രഹം വൈകിയാണെങ്കിലും സഫലമാകുകയാണ്. മേജര്‍ രവി സംവിധാനം ചെയ്യുന്ന ‘കര്‍മ്മയോദ്ധ’ എന്ന ചിത്രത്തില്‍ സോനയും അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ സോനയ്ക്ക് നെഗറ്റീവ് റോളാണ്.
“ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇത് എനിക്കൊരു സ്വപ്നസാഫല്യം കൂടിയാണ്. എനിക്ക് ഈ ചിത്രത്തില്‍ നെഗറ്റീവ് റോളാണ്. കര്‍മ്മയോദ്ധ ശക്തമായ ഒരു സന്ദേശമുള്ള ചിത്രമാണ്. അതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു” - സോന വ്യക്തമാക്കി.