തമിഴ് സിനിമകള്‍ വരുമ്പോള്‍ മലയാള സിനിമകളെ മറക്കുന്ന ഒരേര്‍പ്പാട് മലയാളത്തിലെ തിയേറ്ററുകള്‍ പലപ്പോഴും വച്ചുപുലര്‍ത്താറുണ്ട്. ക്രിസ്മസ് കാലം അങ്ങനെയൊരു കാര്യത്തിന് സാക്‍ഷ്യം വഹിക്കുമോ എന്നാണ് മലയാള സിനിമാലോകം ഉറ്റുനോക്കുന്നത്.
സൂര്യയുടെ പുതിയ ചിത്രം സിങ്കം 3 (‘എസ് 3’ എന്നാണ് ഔദ്യോഗികനാമം) യാഥാര്‍ത്ഥത്തില്‍ ഡിസംബര്‍ മധ്യത്തോടെ റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ റിലീസ് ഒരാഴ്ച കഴിഞ്ഞ് മതി എന്നാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായി എസ് 3 പ്രദര്‍ശനത്തിനെത്തും.
ഹരി സംവിധാനം ചെയ്ത എസ് 3 ഒരു ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലറാണ്. ചിത്രം കേരളത്തില്‍ നൂറിലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നിസംശയം പറയാം. അതേസമയത്ത് മോഹന്‍ലാലിന്‍റെ സിനിമ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
എസ് 3 മോഹന്‍ലാലിന്‍റെ മുന്തിരിവള്ളികള്‍ക്ക് പാരയാകുമോ എന്ന ആശങ്ക ഇപ്പോള്‍ മലയാള സിനിമാപ്രേമികള്‍ക്കുണ്ട്. ആ സമയത്തുതന്നെ ദുല്‍ക്കര്‍ സല്‍മാന്‍റെ ജോമോന്‍റെ സുവിശേഷങ്ങളും തിയേറ്ററുകളിലുണ്ടാവും.
എന്തായാലും സൂര്യയുടെ എസ് 3 വലിയ ഹിറ്റാകുമോ എന്ന് കാത്തിരിക്കാം. വിജയ് കഴിഞ്ഞാല്‍ പിന്നെ കേരളത്തില്‍ സൂര്യ ആരാധകരാണ് കൂടുതല്‍ എന്നതിനാല്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് ക്രിസ്മസ് കാലത്ത് അല്‍പ്പം ഉറക്കം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.