വര്‍ഗീയമാവുമോ ‘ഉന്നൈപ്പോലൊരുവന്‍’?

Webdunia
ചൊവ്വ, 26 മെയ് 2009 (12:15 IST)
IFMIFM
തീവ്രവാദികളുടെ ക്രൂരതകളില്‍ വിഷമിക്കുന്ന ‘സാധാരണക്കാരിലൊരുവന്‍’ (ദ കോമണ്‍ മാന്‍) സഹികെട്ട് സര്‍ക്കാരിനെയും പൊലീസിനെയും വെല്ലുവിളിക്കുന്നതാണ് ‘എ വെനസ്‌ഡേ’ എന്ന സിനിമയുടെ കഥാതന്തു. നീരജ് പാണ്ഡേയുടെ ആദ്യ സംവിധാന സംരംഭമായ ‘എ വെനസ്‌ഡേ’ സിനിമാ നിരൂപകരുടെ പ്രശംസയും തരക്കേടില്ലാത്ത സാമ്പത്തിക വിജയവും നേടിയെടുത്ത സിനിമയാണ്.

ജയിലില്‍ കഴിയുന്ന തീവ്രവാദി നേതാക്കളെ തീവ്രവാദിയാണെന്ന് അഭിനയിച്ച് പുറത്തുകൊണ്ടുവന്ന് എന്നന്നേക്കുമായി നശിപ്പിക്കാനുള്ള പദ്ധതിയാണ് നസറുദ്ദീന്‍ ഷായുടെ കഥാപാത്രത്തിനുള്ളത്. പൊലീസിനെ മുള്‍‌മുനയില്‍ നിര്‍ത്തുന്ന തീവ്രവാദി നേതാവിനെ പിടിക്കാനുള്ള തത്രപ്പാടില്‍ അനുപം‌ ഖേറിന്റെ പ്രകാശ് റാത്തോഡ് എന്ന പൊലീസ് കമ്മീഷണര്‍.

സര്‍ക്കാരിനോടും പൊലീസിനോടും വിലപേശി നസറുദ്ദീന്‍ ഷായുടെ കഥാപാത്രം ജയിലിന് വെളിയില്‍ കൊണ്ടുവരുന്ന എല്ലാ തീവ്രവാദികളെയും ഇല്ലായ്മ ചെയ്യാന്‍ ‘സാധാരണക്കാരിലൊരുവന്’ കഴിയുന്നു. ഒടുവിലത്തെ തീവ്രവാദിയെ അവസാനിപ്പിക്കാന്‍ ഒരു മുസ്ലീം പൊലീസ് ഓഫീസറുടെ സേവനവും നസറുദ്ദീന്‍ ഷായുടെ കഥാപാത്രത്തിന് കിട്ടുന്നു.

സിനിമയുടെ അവസാനം, ഒഴിഞ്ഞ ഒരു കെട്ടിടത്തിന് താഴെ പ്രകാശ് റാത്തോഡിനെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട് നസറുദ്ദീന്‍ ഷായുടെ കഥാപാത്രത്തിന്.

അടുത്ത പേജില്‍ “ലാലും കമലും ഒരുമിക്കുമ്പോള്‍...

PROPRO
തന്റെ പേര് എന്താണെന്ന് നസറുദ്ദീന്‍ ഷായുടെ കഥാപാത്രം വെളിപ്പെടുത്തുന്നുണ്ടെങ്കിലും അത് പ്രേക്ഷകരുമായി പങ്കുവയ്ക്കാന്‍ സാധ്യമല്ലെന്നാണ് പ്രകാശ് റാത്തോഡ് പറയുന്നത്. കയ്യില്‍ മുഴുവന്‍ മന്ത്രച്ചരടുകള്‍ കെട്ടിയ പ്രകാശ് റാത്തോഡിന്റെ കയ്യില്‍ നിന്ന് ഷേയ്ക്ക്‌ഹാന്‍ഡ് വാങ്ങുന്ന നസറുദ്ദീന്‍ ഷായുടെ ഒരു ചരടും ഇല്ലാത്ത കയ്യുടെ ക്ലോസപ്പ് സിനിമയിലുണ്ട്. അത് കാണുമ്പോഴും സിനിമയുടെ മൊത്തം സാഹചര്യം മനസിലാവുമ്പോഴും നസറുദ്ദീന്‍ ഷായുടെ കഥാപാത്രത്തിന്റെ മതമെന്താണെന്ന് നമുക്ക് മനസിലാവും.

തീവ്രവാദികള്‍ മുഴുവന്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍ നിന്നുള്ളവരാണെന്ന ഭൂരിഭാഗത്തിന്റെ അബദ്ധധാരണ നീരജ് പാണ്ഡേയും ആവര്‍ത്തിക്കുന്നു. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ട തീവ്രവാദികളെ ഇല്ലായ്മ ചെയ്യാന്‍ ആ മതവിഭാഗത്തില്‍ പെട്ട ഒരാള്‍ തന്നെ ‘വളണ്ടിയര്‍’ ആയി മുന്നോട്ട് വരുന്നിടത്താണ് നീരജ് അറിയാതെ തന്നെ (അതോ അറിഞ്ഞിട്ടോ) ഈ സിനിമ ‘ഭൂരിപക്ഷ വര്‍ഗീയത’യുടെ ഭാഗമാവുന്നത്.

ഇന്ത്യയ്ക്ക് ഭീഷണിയാവുന്നത് ഒരു മതവിഭാഗത്തില്‍ പെട്ട തീവ്രവാദികള്‍ മാത്രമാണോ? നെഞ്ചില്‍ തൊട്ട് ചോദിക്കേണ്ട ചോദ്യമാണിത്. ആ ചോദ്യം ചോദിക്കാന്‍ നീരജിന് ധൈര്യം ഇല്ല എന്നതിനാല്‍ ‘എ വെനസ്‌ഡേ’ ഒരു നല്ല സിനിമ മാത്രമായി ചുരുങ്ങുന്നു. കയ്യില്‍ മന്ത്രച്ചരടുകള്‍ കെട്ടി നടക്കുന്ന പ്രകാശ് റാത്തോഡ് എന്ന പൊലീസ് കമ്മീഷണറുടെ കരുണയാല്‍ നസറുദ്ദീന്‍ ഷായുടെ കഥാപാത്രം ശിക്ഷാനടപടികളില്‍ നിന്ന് രക്ഷപ്പെടുന്നതായി നാം മനസിലാക്കുന്നു.

ഭൂരിപക്ഷം കാണിക്കുന്ന കരുണയില്‍ മുന്നോട്ട് നീങ്ങേണ്ട ജീവിതങ്ങളാണ് ന്യൂനപക്ഷങ്ങളുടേത് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ‘എ വെനസ്‌ഡേ’ അവസാനിക്കുന്നു.

ദക്ഷിണേന്ത്യന്‍ സിനിമയുടെ ഇതിഹാസമെന്നറിയപ്പെടുന്ന കമലാഹാസന്റെ നേതൃത്വത്തില്‍ യുവ സംവിധായകനായ ചക്രി തൊലേത്തി ‘എ വെനസ്‌ഡേ’യ്ക്കൊരു ദക്ഷിണേന്ത്യന്‍ ഭാഷ്യം രചിക്കുകയാണ്. മലയാളികളുടെ അഭിമാനമായ മോഹന്‍ലാലാണ് പ്രകാശ് റാത്തോഡിനെ അവതരിപ്പിക്കുന്നത്. ന്യൂനപക്ഷ മതത്തില്‍ പെട്ട ‘സാധാരണക്കാരിലൊരുവനെ’ അവതരിപ്പിക്കുന്നതാവട്ടെ കമലും. ഒറിജിനല്‍ ‘എ വെനസ്‌ഡേ’യില്‍ നിന്ന് വിഭിന്നമായി, മുനയുള്ള ചിന്തയുമായി ‘ഉന്നൈപ്പോലൊരുവന്‍’ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.