ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇപ്പോള്‍ ‘കൊച്ചടിയാന്‍’ എന്ന സിനിമയുടെ തിരക്കിലാണ്. മകള്‍ സൌന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രം. ഈ സിനിമയുടെ നിര്‍മ്മാണഘട്ടങ്ങളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇപ്പോള്‍ പുതിയ വാര്‍ത്ത, രജനിക്ക് ഒരു തിരക്കഥ ഗംഭീരമായി ഇഷ്ടപ്പെട്ടിരിക്കുന്നു. കൊച്ചടിയാന് ശേഷം ആ ചിത്രം ആരംഭിക്കും.
അയന്‍, കോ തുടങ്ങിയ മെഗാഹിറ്റുകള്‍ ഒരുക്കിയ കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറിനാണ് രജനീകാന്ത് തയ്യാറെടുക്കുന്നത്. ആനന്ദ് നല്‍കിയ തിരക്കഥ വായിച്ച രജനി ത്രില്ലിലാണ്. ഇറോസ് ഇന്‍റര്‍നാഷണല്‍ ഈ സിനിമ നിര്‍മ്മിക്കും.
ഇപ്പോള്‍ സൂര്യയെ നായകനാക്കി ‘മാറ്റ്‌റാന്‍’ എന്ന സിനിമ സംവിധാനം ചെയ്യുകയാണ് ആനന്ദ്. ഇതിന് ശേഷം രജനീകാന്ത് നായകനാകുന്ന സിനിമ തുടങ്ങുമെന്നാണ് സൂചന.
“മാറ്റ്‌റാന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ് എത്തിയിട്ടേയുള്ളൂ. സൂര്യയുടെ പ്രകടനം അപാരം. രജനി സാറിന്‍റെ ചിത്രത്തേക്കുറിച്ച് ഒരുപാട് ഫോണ്‍കോളുകള്‍ വരുന്നു...” - സസ്പെന്‍സ് നിലനിര്‍ത്തി കെ വി ആനന്ദ് ട്വീറ്റ് ചെയ്യുന്നു.
ഷങ്കര്‍ സംവിധാനം ചെയ്ത ശിവാജി എന്ന രജനീകാന്ത് ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിച്ചത് കെ വി ആനന്ദായിരുന്നു.
English Summary: KV Anand is Rajinikanth’s chosen one to direct his next film.