മോഹന്‍ലാല്‍ ഒരിടവേളയ്ക്ക് ശേഷം തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത് ആസ്വദിക്കുകയാണ്. ‘ജില്ല’ എന്ന സിനിമയില്‍ കാജല്‍ അഗര്‍വാള്‍, വിജയ്, പൂര്‍ണിമ എന്നിവരും മോഹന്‍ലാലിനൊപ്പമുണ്ട്. മോഹന്‍ലാലിന്‍റെ ആക്ഷന്‍ മാനറിസങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന സിനിമയായിരിക്കും ജില്ല.
മധുരയില്‍ ചങ്കൂറ്റമുള്ളവനും തന്‍റേടിയുമായ ഒരുവന് അവര്‍ സ്നേഹാദരപൂര്‍വം നല്‍കുന്ന വിളിപ്പേരാണ് ‘ജില്ല’. അങ്ങനെ ചിന്തിച്ചാല്‍ മോഹന്‍ലാലും വിജയും ഈ ചിത്രത്തില്‍ ജില്ലകളാണ്. ശിവ എന്ന നാടുവാഴിക്കഥാപാത്രത്തെ മോഹന്‍ലാലും ശക്തി എന്ന അനുചരനെ വിജയും അവതരിപ്പിക്കുന്നു.
“ജില്ല എന്ന സിനിമ നിങ്ങളുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരിക്കും. ഈ സിനിമയില്‍ രാഷ്ട്രീയമൊന്നും പ്രതിപാദിക്കുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ ഈ സിനിമയുടെ കഥ എഴുതിയത്. ഷൂട്ടിംഗ് പൂര്‍ത്തിയായതിന് ശേഷം മാത്രമേ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുകയുള്ളൂ” - സംവിധായകന്‍ നേശന്‍ വ്യക്തമാക്കി.
സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൌധരി നിര്‍മ്മിക്കുന്ന ജില്ലയുടെ സംഗീതം ഡി ഇമ്മാനാണ്.