മോഹന്‍ലാലിന്‍റെ നായികയാകാന്‍ കത്രീന വരില്ല!

Webdunia
വ്യാഴം, 9 ഫെബ്രുവരി 2012 (21:17 IST)
PRO
വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ബല്‍‌റാം വേഴ്സസ് താരാദാസ്’ എന്ന ചിത്രത്തിലെ നായികയായി മലയാളത്തിന് സുപരിചിതയാണ് ബോളിവുഡ് സുന്ദരി കത്രീന കൈഫ്. പക്ഷേ അന്ന് 20 ലക്ഷം രൂപ പ്രതിഫലത്തിന് മലയാളത്തില്‍ അഭിനയിച്ച കത്രീനയല്ല ഇപ്പോള്‍ അവര്‍. ബോളിവുഡിന്‍റെ താരറാണിയാണ്. ഒരു നൃത്തരംഗത്തിന് പോലും കോടികള്‍ വാങ്ങുന്ന സൂപ്പര്‍ നായിക.

മോഹന്‍ലാലിന്‍റെ നായികയായി കത്രീന വീണ്ടും മലയാളത്തിലെത്തും എന്നായിരുന്നു കഴിഞ്ഞ വാരം ലഭിച്ച റിപ്പോര്‍ട്ട്. ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കര്‍ മൂന്ന് ഭാഷകളിലായി ഒരുക്കുന്ന സിനിമയുടെ മലയാളം വേര്‍ഷനില്‍ മോഹന്‍ലാലിന് കത്രീന നായികയാകുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ അത് ഉണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

തെക്കേ ഇന്ത്യയിലെ ഒരു ഭാഷയിലേക്കും തല്‍ക്കാലം കത്രീന വരില്ല. ഡേറ്റ് ഇല്ലാത്തതാണ് പ്രശ്നം. രജനീകാന്തിന്‍റെ കൊച്ചടിയാനില്‍ നായികയാകാനുള്ള ക്ഷണം പോലും കത്രീന നിരസിച്ചിരിക്കുകയാണ്. മാത്രമല്ല, മോഹന്‍ലാല്‍ - ഷങ്കര്‍ ചിത്രത്തിന് വേണ്ടി കൃത്യമായ ഒരു കമ്യൂണിക്കേഷന്‍ കത്രീനയുമായി ഉണ്ടായിട്ടില്ലെന്നും കത്രീനയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഷങ്കര്‍ ഒരുക്കുന്ന വമ്പന്‍ പ്രൊജക്ടിലേക്ക് ഇനി പുതിയ നായികയെ തേടാനാണത്രെ അണിയറ പ്രവര്‍ത്തകരുടെ നീക്കം. ആസ്കര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ മോഹന്‍ലാലും തമിഴില്‍ കമലഹാസനും തെലുങ്കില്‍ പ്രഭാസുമാണ് നായകന്‍‌മാര്‍.