അജിത്തിന്‍റെ തീരുമാനം ശരിയായിരുന്നു. തന്‍റെ അമ്പതാമത്തെ ചിത്രത്തിന്‍റെ സംവിധാനച്ചുമതല വെങ്കട് പ്രഭുവിനെ ഏല്‍പ്പിച്ച തീരുമാനം. ‘മങ്കാത്ത’ എന്ന മെഗാഹിറ്റ് ചിത്രമാണ് അതിലൂടെ ഉണ്ടായത്. വെങ്കട് പ്രഭുവും അജിത്തും വീണ്ടും ഒന്നിക്കുമോ? കോളിവുഡ് തലപുകയ്ക്കുന്ന ഒരു വിഷയം ഇപ്പോള്‍ ഇതാണ്.
ഒരു വാര്‍ത്തയുണ്ട്. വെങ്കട് പ്രഭു ഒരു തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്നു. സംഗതി ബോളിവുഡ് സൂപ്പര്‍ഹിറ്റ് ‘റേസ്’ തമിഴ് റീമേക്കിനുവേണ്ടിയുള്ള തിരക്കഥയാണ്. അജിത്തിനുവേണ്ടിയാണത്രെ വെങ്കട് പ്രഭു ഈ സ്ക്രിപ്റ്റ് തയ്യാറാക്കുന്നത്. ഹിന്ദിയില്‍ സെയ്ഫ് അലി ഖാന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ തല അവതരിപ്പിക്കുന്നത്.
ബോളിവുഡിലെ എക്കാലത്തെയും വലിയ സസ്പെന്‍സ് ത്രില്ലറായാണ് അബ്ബാസ് മസ്താന്‍ സംവിധാനം ചെയ്ത റേസ് വിശേഷിപ്പിക്കപ്പെടുന്നത്. സെയ്ഫിനെ കൂടാതെ അക്ഷയ് ഖന്ന, അനില്‍ കപൂര്‍, ബിപാഷ ബസു, കത്രീന കൈഫ്, സമീര റെഡ്ഡി എന്നിവരും ചിത്രത്തിലെ താരനിരയില്‍ ഉണ്ടായിരുന്നു.
റേസ് തമിഴില്‍ നിര്‍മ്മിക്കുന്നത് മുംബൈ അടിസ്ഥാനമായുള്ള ഒരു പ്രൊഡക്ഷന്‍ ഹൌസാണ്. അടുത്തിടെ അജിത്തും വെങ്കട് പ്രഭുവും കൂടിക്കാഴ്ച നടത്തിയിരുന്നു. റേസ് തമിഴിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം ആ കൂടിക്കാഴ്ചയിലാണ് രൂപം കൊണ്ടതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, വെങ്കട് പ്രഭു ഒരു സൂര്യ ചിത്രവും ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ തലയും തിരക്കിലാണ്. ‘ബില്ല 2’ ഷൂട്ടിംഗ് പൂര്‍ത്തിയായി. വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ ചെയ്യണമെന്ന് അജിത്ത് ആലോചിക്കുന്നു. അതിന് ശേഷമായിരിക്കും വെങ്കട് പ്രഭുവുമൊത്തുള്ള അജിത്തിന്‍റെ റേസ് ആരംഭിക്കുക.
English Summary: Hindi film Race will now be remade in Tamil. Ajith may be the front runner for the remake. Venkat Prabhu will direct the film.