ബോഡിഗാര്‍ഡ് ഹിന്ദിയില്‍; നയന്‍സ് നായിക?

Webdunia
വെള്ളി, 29 ജനുവരി 2010 (12:25 IST)
PRO
സിദ്ദിഖ് സംവിധാനം ചെയ്ത ദിലീപ് ചിത്രം ബോഡിഗാര്‍ഡ് തമിഴില്‍ റീമേക്ക് ചെയ്യുന്നു എന്ന വിവരം നേരത്തേ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണല്ലോ. ഇളയദളപതി വിജയ് ആണ് ആ ചിത്രത്തിലെ നായകന്‍. ഈ സിനിമയുടെ ചിത്രീകരണം ജൂണ്‍ മാസത്തോടെ ആരംഭിക്കാനിരിക്കുകയുമാണ്. ഇപ്പോഴിതാ, ബോഡിഗാര്‍ഡ് ഹിന്ദിയിലേക്കും റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്.

സല്‍മാന്‍ ഖാനാണ് ഹിന്ദിയില്‍ ബോഡി ഗാര്‍ഡാകുന്നത്. പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍‌താര നായികയായി അഭിനയിക്കുമെന്നാണ് സൂചനകള്‍. മലയാളം ബോഡി ഗാര്‍ഡിലും നയന്‍‌താരയായിരുന്നു നായിക. ചിത്രത്തിലെ നായികയായി നയന്‍‌താരയെ പ്രഭുദേവ നിര്‍ദ്ദേശിച്ചതായാണ് സൂചന.

ബോണി കപൂറാണ് ബോഡി ഗാര്‍ഡ് ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത്. ചിത്രം കാണുന്നതിനും റീമേക്കിന്‍റെ ആലോചനകള്‍ക്കുമായി ബോണി കപൂര്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. അദ്ദേഹം സംവിധായകന്‍ സിദ്ദിഖുമായി ചര്‍ച്ച നടത്തിയെന്നും റീമേക്ക് കരാര്‍ ഒപ്പിട്ടെന്നുമൊക്കെയാണ് വാര്‍ത്തകള്‍. നയന്‍‌താരയെ ഹിന്ദി ബോഡി ഗാര്‍ഡില്‍ നായികയാക്കുന്നതില്‍ സല്‍മാനോ ബോണി കപൂറിനോ എതിര്‍പ്പില്ലെന്നും അറിയുന്നു.

കഴിഞ്ഞ വര്‍ഷം ബോളിവുഡിലെ വന്‍ ഹിറ്റുകളിലൊന്നായ ‘വാണ്ടഡ്’ ഒരുക്കിയ അതേ ടീമാണ് ബോഡി ഗാര്‍ഡിനു വേണ്ടിയും ഒന്നിക്കുന്നത് എന്നത് പ്രതീക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. വാണ്ടഡിന്‍റെ രണ്ടാം ഭാഗം ഒരുക്കാനാണ് ആദ്യം പ്രഭുദേവ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കഥ ശരിയായിരുന്നില്ല. ആ സമയത്താണ് മലയാളം ബോഡി ഗാര്‍ഡിന്‍റെ നൃത്തസംവിധാനം പ്രഭുദേവ നിര്‍വഹിക്കുന്നത്.

ബോഡി ഗാര്‍ഡിന്‍റെ കഥ കേട്ട പ്രഭുദേവ ഉടന്‍ തന്നെ ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. നയന്‍ താരയെ ഈ ചിത്രത്തിലൂടെ ഹിന്ദിയില്‍ അവതരിപ്പിക്കാമെന്നും തീരുമാനിച്ചു. ഉടന്‍ ഇക്കാര്യം സല്‍മാനെയും ബോണി കപൂറിനെയും അറിയിക്കുകയും ചെയ്തു. അങ്ങനെയാണ് ഈ പ്രൊജക്ട് രൂപപ്പെട്ടത്.

എന്തായാലും, അസിന്‍റെ താരമൂല്യത്തിന് ബോളിവുഡില്‍ അല്‍പ്പം മങ്ങലേറ്റിരിക്കുന്ന സമയത്താണ് നയന്‍‌താര ഹിന്ദിയിലേക്ക് രംഗപ്രവേശം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. നയന്‍സിന് ഹിന്ദിയിലും വെന്നിക്കൊടി പാറിക്കാനാകുമോ എന്ന് കാത്തിരുന്നു കാ‍ണാം.