തുപ്പാക്കി തുടങ്ങുന്നു, അണിയറയില്‍ വമ്പന്‍‌മാര്‍

Webdunia
വെള്ളി, 2 മാര്‍ച്ച് 2012 (20:09 IST)
PRO
‘ഏഴാം അറിവ്’ സൃഷ്ടിച്ച തരംഗത്തിന് ശേഷം കോളിവുഡ് ഇളക്കിമറിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ എ ആര്‍ മുരുഗദോസ്. പുതിയ ചിത്രം ‘തുപ്പാക്കി’ ചിത്രീകരണം ആരംഭിക്കുകയാണ്. ഇളയദളപതി വിജയ് ആണ് നായകന്‍.

വമ്പന്‍ പേരുകളുടെ സാന്നിധ്യം കൊണ്ട് ഇപ്പോള്‍ തന്നെ വാര്‍ത്തകളില്‍ നിറയുകയാണ് തുപ്പാക്കി. സന്തോഷ് ശിവനാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. മണിരത്നത്തിന്‍റെ പ്രിയപ്പെട്ട എഡിറ്ററായ ശ്രീകര്‍ പ്രസാദാണ് തുപ്പാക്കിയുടെ ചിത്രസംയോജകന്‍.

കാജല്‍ അഗര്‍‌വാള്‍ നായികയാകുന്ന സിനിമയുടെ സംഗീതം ഹാരിസ് ജയരാജാണ്. മൂന്നു ഗാനങ്ങള്‍ ഇതിനകം ഹാരിസ് ചിട്ടപ്പെടുത്തിക്കഴിഞ്ഞു. സുബ്രഹ്‌മണ്യപുരം, എങ്കേയും എപ്പോതും തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ജയ് ഈ സിനിമയില്‍ വിജയിന്‍റെ അനുജനായി വേഷമിടുന്നു.

കലൈപ്പുലി എസ് താണു നിര്‍മ്മിക്കുന്ന തുപ്പാക്കി ഒരു ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമാണ്.